| Saturday, 20th April 2019, 3:24 pm

സി.ആര്‍ നീലകണ്ഠനെ ആം ആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എ.എ.പി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠനെതിരെ നടപടിയുമായി ആം ആദ്മി നേതൃത്വം. സി.ആര്‍ നീലകണ്ഠനെ പാര്‍ട്ടി പദവികളില്‍ നിന്നൊഴിവാക്കിയതായി നേതൃത്വം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. പാര്‍ട്ടിയുടെ അനുമതിയില്ലാതെ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിനാണ് നടപടി.

അതേസമയം സസ്‌പെന്‍ഷനെ കുറിച്ച് അറിയില്ലെന്നും എന്‍.ഡി.എയെ തോല്‍പ്പിക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകാനാണ് പാര്‍ട്ടി പറഞ്ഞതെന്നും സി.ആര്‍ നീലകണ്ഠന്‍ പറഞ്ഞു. എന്‍.ഡി.എയെ തോല്‍പ്പിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണമെന്നാണ് പറഞ്ഞത്. അതനുസരിച്ചാണ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതെന്നും സി.ആര്‍ നീലകണ്ഠന്‍ പറഞ്ഞു.

ഏതെങ്കിലും മുന്നണിയെ പിന്തുണയക്കേണ്ടതില്ല എന്ന് പറഞ്ഞിരുന്നു. എല്‍.ഡി.എഫിനെ പിന്തുണയ്ക്കുമെന്നത് പുതിയ തീരുമാനമാണ്.

ഏത് തരത്തില്‍ കേന്ദ്രം തീരുമാനിച്ചാലും അതാണ് തീരുമാനം. പാര്‍ട്ടിയുടെ ഏത് നടപടിയേും അംഗീകരിക്കും. കണ്‍വീനറാക്കിയ പാര്‍ട്ടിക്ക് നടപടിയെടുക്കാന്‍ അധികാരമുണ്ട്. പാര്‍ട്ടിയില്‍ തുടരും. – സി.ആര്‍ നീലകണ്ഠന്‍ പ്രതികരിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതായുള്ള പരാതിയില്‍ ആം ആദ്മി ദേശീയ നേതൃത്വം സി.ആര്‍.
നീലകണ്ഠന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

കേരളത്തില്‍ 11 മണ്ഡലങ്ങളില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും എന്നായിരുന്നു എ.എ.പി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ദേശീയ നേതൃത്വത്തോട് വിശദീകരണം ചോദിക്കാതെ ഇക്കാര്യം ഏകപക്ഷീയമായി പ്രഖ്യാപിച്ച സി.ആര്‍ നീലകണ്ഠനോട് എ.എ.പി വിശദീകരണം തേടുകയായിരുന്നു.

പിന്തുണ ആര്‍ക്കാണെന്ന് തിരുമാനിക്കാനുള്ള അവകാശം ദേശീയ രാഷ്ട്രീയകാര്യ സമിതിക്കാണെന്നാണ് ദേശീയ നേത്യത്വത്തിന്റെ നിലപാട്. കേരളത്തിന്റെ ചുമതലയുള്ള സോംനാഥ് ഭാരതിയാണ് സി.ആര്‍. നീലകണ്ഠന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

We use cookies to give you the best possible experience. Learn more