ന്യൂദൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച നടൻ പ്രകാശ് രാജിന് ആം ആദ്മി പിന്തുണ. തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് പ്രകാശ് രാജ് മത്സരിക്കുന്നത്. “രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള പ്രകാശ് രാജിന്റെ തീരുമാനത്തെ ഞാൻ പിന്താങ്ങുന്നു. അദ്ദേഹം മാത്രമല്ല, എല്ലാ നല്ല ആൾക്കാരും രാഷ്ട്രീയത്തിലേക്ക് വരേണ്ടതാണ്” എ.എ.പി. നേതാവ് മനീഷ് സിസോഡിയ പറഞ്ഞു.
പ്രകാശ് രാജും പാർട്ടി പ്രവർത്തകരുമായി ബെംഗളൂരുവിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.എ.പിയുടെ കർണാടകം കൺവീനർ പ്രിത്വി റെഡ്ഡിയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച്ച. പ്രകാശ് രാജിന് തുറന്ന പിന്തുണ നൽകുന്നുവെന്ന് പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലും ട്വീറ്റ് ചെയ്തു. തനിക്ക് പിന്തുണ നൽകിയ എ.എ.പിക്കും ശിഷോഡിയയ്ക്കും പ്രകാശ് രാജ് തന്റെ നന്ദി അറിയിച്ചു.
Also Read ലൈംഗികാരോപണം: നിർമ്മാതാവ് വൈശാഖ് രാജനെതിരെ കേസ്
കഴിഞ്ഞ ചൊവ്വാഴ്ചയാണ് താൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിവരം പ്രകാശ് രാജ് പരസ്യമാക്കിയത്. ഏത് നിയോജകമണ്ഡലത്തിൽ നിന്നുമാണ് താൻ മത്സരിക്കുക എന്ന കാര്യം പ്രകാശ് രാജ് വ്യക്തമാക്കിയിട്ടില്ല. പ്രധാനമന്ത്രിയുടെയും കേന്ദ്രസർക്കാരിന്റേയും നയങ്ങളുടെ പ്രധാന വിമർശകരിലൊരാളാണ് പ്രകാശ് രാജ്. പ്രകാശ് രാജിന്റെ പ്രഖ്യാപനത്തിനു ശേഷം തെലുങ്കാന രാഷ്ട്ര സമിതിയും അദ്ദേഹത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.