| Sunday, 7th April 2024, 12:06 pm

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് രാജ്യവ്യാപക ഉപവാസ സമരം ആരംഭിച്ച് എ.എ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് രാജ്യവ്യാപക ഉപവാസ സമരം ആരംഭിച്ച് ആം ആദ്മി പാര്‍ട്ടി. ദല്‍ഹിയില്‍ നടന്ന ഉപവാസ സമരത്തില്‍ എ.എ.പിയുടെ മന്ത്രിമാരും എം.എല്‍.എമാരും പങ്കെടുത്തു.

ദല്‍ഹിക്ക് പുറമേ പഞ്ചാബില്‍ മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ നേതൃത്വത്തിലും ഉപവാസ സമരം നടക്കും. രാജ്യത്താകെ സമരം വ്യാപിപ്പിച്ച് കൊണ്ട് എല്ലാ ജനങ്ങളിലേക്കും വിഷയം എത്തിക്കാനാണ് എ.എ.പി ഇതിലൂടെ ലക്ഷ്യമിടുന്നത്. ബി.ജെ.പി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയും രാജ്യത്തെയും നശിപ്പിക്കുകയാണെന്ന് എ.എ.പി ആരോപിച്ചു.

ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യം മുന്നോട്ട് വെച്ചാണ് ദല്‍ഹി ജന്തര്‍ മന്ദറില്‍ സമരം പുരോഗമിക്കുന്നത്. മന്ത്രി അതിഷിയും സൗരവ് ഭരദ്‌വാജും ഉള്‍പ്പടെയുള്ള നേതാക്കള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

ദല്‍ഹി മദ്യനയക്കേസില്‍ ജാമ്യം ലഭിച്ച സഞ്ജയ് സിങ്ങും സമരത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനിടെ, സി.ബി.ഐ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനെ എതിര്‍ത്ത് ദല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ ബി.ആര്‍.എസ് നേതാവ് കെ. കവിത രംഗത്തെത്തിയിരുന്നു.

കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ വെള്ളിയാഴ്ചയാണ് കോടതി അനുമതി നൽകിയത്. ഉത്തരവ് റദ്ദാക്കണമെന്ന് കവിതയുടെ അഭിഭാഷകൻ നിതേഷ് റാണ കോടതിയോട് ആവശ്യപ്പെട്ടു.

കവിതയുടെ ഹരജിയിൽ മറുപടി നൽകാൻ സി.ബി.ഐ കോടതിയോട് സമയം ചോദിച്ചിട്ടുണ്ട്. അതിനാൽ ഹരജിയിൽ വാദം കേൾക്കുന്നത് ഏപ്രിൽ 10ലേക്ക് മാറ്റി കോടതി ഉത്തരവിട്ടു.

Content Highlight: AAP started a nationwide hunger strike to protest the arrest of Arvind Kejriwal

We use cookies to give you the best possible experience. Learn more