ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്നവരെ കണ്ടാല്‍ കര്‍ഷകരാണെന്ന് തോന്നുന്നില്ലെന്ന കേന്ദ്രമന്ത്രി വി.കെ സിംഗിന്റെ പരാമര്‍ശത്തിന് മറുപടിയുമായി ആം ആദ്മി പാര്‍ട്ടി. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.
‘കര്‍ഷകരാണെന്ന് തെളിയിക്കാന്‍ അവര്‍ കലപ്പയും കാളയേയും കൊണ്ടുവരണമായിരുന്നോ’, എന്നായിരുന്നു പാര്‍ട്ടിയുടെ ഔദ്യോഗിക ട്വീറ്റ്.
കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ കണ്ടാല്‍ യഥാര്‍ത്ഥ കര്‍ഷകരാണെന്ന് തോന്നുന്നില്ല. ഒരു കര്‍ഷകന് വേണ്ട രൂപസാദൃശ്യങ്ങളൊന്നും പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്ക് ഇല്ലെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷികബില്ല് കര്‍ഷകര്‍ക്കെതിരെയുള്ളതല്ലെന്നും പ്രക്ഷോഭം നടത്തുന്നത് പ്രതിപക്ഷകക്ഷികളുടെ താല്പര്യത്തോടെയാണെന്നുമായിരുന്നു വി.കെ സിംഗ് പറഞ്ഞത്.
അതേസമയം കര്‍ഷക സമരത്തിനെതിരെ വിവാദപരാമര്‍ശവുമായി ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന് ഖലിസ്ഥാന്‍, മാവോയിസ്റ്റ് ബന്ധങ്ങളുണ്ടെന്നായിരുന്നു മാളവ്യയുടെ പ്രസ്താവന. കര്‍ഷക സമരം പശ്ചാത്തലമാക്കി അദ്ദേഹം പോസ്റ്റ് ചെയ്ത ട്വീറ്റ് ഏറെ ചര്‍ച്ചയായിരുന്നു.
ദല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ നവംബര്‍ 23 ന് നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ ഖലിസ്ഥാനികളും മാവോയിസ്റ്റുകളും ബില്ലിനെ എതിര്‍ത്ത് പ്രക്ഷോഭം തുടങ്ങിയപ്പോള്‍ ദല്‍ഹിയെ പ്രതിരോധത്തിലാക്കാനുള്ള അവസരമായി അദ്ദേഹം അതിനെ കണ്ടു. ഇത് കര്‍ഷകര്‍ക്ക് വേണ്ടിയായിരുന്നില്ല. വെറും രാഷ്ട്രീയമാണിത്, മാളവ്യ ട്വീറ്റ് ചെയ്തു.
ഈ പരാമര്‍ശമാണ് വിവാദമായത്. പ്രതിഷേധത്തിന് പിന്നില്‍ ഖലിസ്ഥാനികളും മാവോയിസ്റ്റുകളുമാണെന്ന് മാളവ്യ ആരോപിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് വിമര്‍ശനമുയരുന്നത്. തന്റെ ആരോപണം തെളിയിക്കാനുള്ള യാതൊരു തെളിവുകളും മാളവ്യ പുറത്തുവിട്ടിട്ടുമില്ല.
അതേസമയം കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരിക്കുകയാണ്. ഡിസംബര്‍ മൂന്നിന് കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തും.
വിജ്ഞാന്‍ ഭവനില്‍ നടന്ന ചര്‍ച്ചയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി കര്‍ഷക സംഘടനകളിലെ വിദഗ്ധരും സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് പാനല്‍ രൂപീകരിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശവും കര്‍ഷകര്‍ തള്ളി.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമം തങ്ങളുടെ കൃഷിനിലത്തെ കോര്‍പറേറ്റുകള്‍ ഏറ്റെടുക്കുന്നത് സുഗമമാക്കുന്നതാണെന്ന് കര്‍ഷകര്‍ പറഞ്ഞു. പാനല്‍ രൂപീകരിക്കാനുളള അനുയോജ്യമായ സമയം ഇതല്ലെന്നും അവര്‍ വ്യക്തമാക്കി.
പൊലീസിനെ ഉപയോഗിച്ച് കര്‍ഷക പ്രതിഷേധം തടയാന്‍ കേന്ദ്രം ശ്രമം നടത്തുന്നുണ്ടെങ്കിലും കര്‍ഷക സമരങ്ങളെ പിന്തുണച്ച് ദല്‍ഹിയിലേക്ക് നിരവധിപേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
ഗുരുനാനാക് ജയന്തിക്ക് പിന്നാലെ കൂടുതല്‍ കര്‍ഷകര്‍ ദല്‍ഹി അതിര്‍ത്തിയിലേക്ക് എത്തുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചിരുന്നു. ജയ്പൂര്‍, റോത്തക്ക്, സോനിപത്, ഗാസിയാബാദ് എന്നിവിടങ്ങളില്‍ നിന്നും ദല്‍ഹിയിലേക്കുള്ള പാതകള്‍ ഉപരോധിക്കാനും തീരുമാനിച്ചിരുന്നു. കര്‍ഷക പ്രതിഷേധത്തിന് ഹരിയാനയിലെ ഖാപ് പഞ്ചായത്ത് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: AAP Slams V K Singh’s Derogatory Comments Aganist Farm Laws