ന്യൂദല്‍ഹി: കോണ്‍ഗ്രസിനെ ഏകോപിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര നടക്കുന്നതിനിടെ ഗോവയിലെ കോണ്‍ഗ്രസ് നേതാക്കളുടെ കൂറുമാറ്റത്തെ പരിഹസിച്ച് ആം ആദ്മി പാര്‍ട്ടി. കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നത് ഭാവിയിലേക്ക് ബി.ജെ.പിയെ വാര്‍ത്തെടുക്കുന്നതിന് തുല്യമാണെന്നാണ് ആം ആദ്മിയുടെ പരാമര്‍ശം. ദല്‍ഹിയിലും പഞ്ചാബിലുമുണ്ടായ ഓപ്പറേഷന്‍ താമരയുടെ പരാജയത്തെ ചൂണ്ടിക്കാട്ടിയായിരുന്നു എ.എ.പിയുടെ പരാമര്‍ശം.
‘ദല്‍ഹിയിലും പഞ്ചാബിലും ബി.ജെ.പിയുടെ ഓപ്പറേഷന്‍ താമര വിജയം കണ്ടിട്ടില്ല, പക്ഷേ അതേ ഓപ്പറേഷന്‍ താമര ഗോവയില്‍ വിജയിച്ചിരിക്കുകയാണ്. കാരണം എന്താണെന്നല്ലേ. നിങ്ങള്‍ കോണ്‍ഗ്രസിന് ചെയ്യുന്ന ഓരോ വോട്ടും ഭാവിയിലെ ബി.ജെ.പി എം.എല്‍.എയ്ക്കുള്ളതാണ്,’ എന്നായിരുന്നു ആം ആദ്മി പാര്‍ട്ടി എം.പി രാഘവ് ചദ്ദയുടെ പരാമര്‍ശം. ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹം കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
40 അംഗങ്ങളുള്ള ഗോവ നിയമസഭയില്‍ ആം ആദ്മിക്ക് ആകെയുള്ളത് രണ്ട് എം.എല്‍.എമാരാണ്. ഭരിക്കുന്ന ദല്‍ഹിക്കും പഞ്ചാബിനും പുറമേ എ.എ.പിയുടെ സാന്നിധ്യമുള്ള മൂന്നാമത്തെ സംസ്ഥാനമാണ് ഗോവ.
കഴിഞ്ഞ ദിവസം ഗോവയില്‍ കോണ്‍ഗ്രസ് അവസാനിച്ചുവെന്ന് എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഗോവയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് കൂറുമാറിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
രാഘവ് ചദ്ദയും കെജ്‌രിവാളിന്റെ വാദം ഏറ്റുപിടിച്ചിരുന്നു. ഗോവയില്‍ കോണ്‍ഗ്രസ് അവസാനിച്ചെന്നും വീണുടഞ്ഞ് കഷ്ണങ്ങളായെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ദല്‍ഹിയിലും പഞ്ചാബിലും ബി.ജെ.പി എ.എ.പി നേതാക്കളെ വാങ്ങാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്ന വാദങ്ങള്‍ എ.എ.പി നേരത്തെ ഉയര്‍ത്തിയിരുന്നു. 20 മുതല്‍ 25കോടി വരെയായിരുന്നു ബി.ജെ.പി ആം ആദ്മി നേതാക്കള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്. തെരഞ്ഞെടുപ്പിന് മുമ്പായി ആം ആദ്മിയെ തകര്‍ക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണിതെന്ന ആരോപണങ്ങളും നേരത്തെ തന്നെ ആം ആദ്മി ഉന്നയിച്ചിരുന്നു.
അതേസമയം ബി.ജെ.പിയുടെ ശ്രമം ഓപ്പറേഷന്‍ കിച്ചഡ് (ചെളി) ആണെന്നാണ് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ട്വിറ്ററില്‍ കുറിച്ചത്. ഗേവയിലെ എം.എല്‍.എമാരുടെ കൂറുമാറ്റം പ്രതീക്ഷിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്നു. ബി.ജെ.പി ഇതിന് വേണ്ട എല്ലാ കുതന്ത്രങ്ങളും നേരത്തെ തന്നെ പയറ്റി തുടങ്ങിയതാണ് – കേന്ദ്ര അന്വേഷണ ഏജന്‍സികളെ കൊണ്ട് പല പേരിലുള്ള അന്വേഷണങ്ങള്‍, ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തല്‍, പണം വാഗ്ദാനം ചെയ്യല്‍ അങ്ങണെ പലതും അവര്‍ പയറ്റി നോക്കിയതാണ്. ഇതിന്റെയൊക്കെ കാരണം ഭാരത് ജോഡോ യാത്രയില്‍ ബി.ജെ.പിക്കുള്ള അസ്വസ്ഥതയാണ്,’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
പ്രതിപക്ഷനേതാവ് ഉള്‍പ്പടെ എട്ട് എം.എല്‍.എമാരാണ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്.
ഗോവയില്‍ മഹാരാഷ്ട്ര ആവര്‍ത്തിക്കാന്‍ ബി.ജെ.പി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഗോവയിലെ ഓപ്പറേഷന്‍ താമര ചീറ്റിപ്പോയെന്നും എല്ലാ സമ്മര്‍ദങ്ങളും ഉണ്ടായിരുന്നിട്ടും യുവാക്കളും പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരും ഒരുമിച്ച് നില്‍ക്കുമെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു.
കൂറുമാറില്ലെന്ന് ഭരണഘടന തൊട്ട് സത്യം ചെയ്യിപ്പിച്ചാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഗോവയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട് മാസങ്ങള്‍ക്കകം എം.എല്‍.എമാര്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറുകയാണ്. ഇതിനായി 40 കോടി രൂപ എം.എല്‍.എമാര്‍ക്ക് വാഗ്ദാനം ചെയ്തതായി മുന്‍ പി.സി.സി അധ്യക്ഷന്‍ ഗിരീഷ് ചോദങ്കര്‍ ആരോപിച്ചിരുന്നു.
Content Highlight: AAP slams cpongress as eight of 11 mla’s in goa joined bjp