| Sunday, 30th June 2024, 3:44 pm

സി.ബി.ഐയും ഇ.ഡിയും ജുഡീഷ്യറിയെ പരിഹസിക്കുന്നു; കെജ്‌രിവാളിന്റെ അറസ്റ്റില്‍ സുപ്രീം കോടതി ഇടപെടണമെന്ന് എ.എ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മദ്യനയക്കേസില്‍ അറസ്റ്റ് ചെയ്ത സി.ബി.ഐ നടപടിയെ വിമര്‍ശിച്ച് ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിങ്. ഇ.ഡി കേസില്‍ ദല്‍ഹി റൗസ് അവന്യൂ കോടതി കെജ്‌രിവാളിന് ജാമ്യം നല്‍കിയതിന് പിന്നാലെ ആയിരുന്നു സി.ബി.ഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലൂടെ ജുഡീഷ്യറിയെ പരിഹസിക്കുകയാണ് സി.ബി.ഐ ചെയ്തതെന്ന് സഞ്ജയ് സിങ് വിമര്‍ശിച്ചു.

‘ജുഡീഷ്യറിയെയും രാജ്യത്തിന്റെ ഭരണഘടനയെയുമാണ് സി.ബി.ഐ പരിഹസിച്ചത്. അരവിന്ദ് കെജ്‌രിവാളിനെതിരെ കേന്ദ്രസര്‍ക്കാര്‍ കള്ളക്കേസ് കെട്ടിച്ചമക്കുകയാണ്,’ സഞ്ജയ് സിങ് പറഞ്ഞു. കോടതിയലക്ഷ്യ പ്രവര്‍ത്തനമാണ് ഇ.ഡിയും സി.ബി.ഐയും നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനീഷ് സിസോദിയക്കെതിരെയും ഇത് തന്നെയാണ് നടക്കുന്നത്. ഇ.ഡിക്കും സി.ബി.ഐക്കും അദ്ദേഹത്തിനെതിരെ തെളിവുകളൊന്നുമില്ല. ബഹുമാനപ്പെട്ട സുപ്രീം കോടതി ഇത്തരം പരിഹാസങ്ങളിൽ നടപടി സ്വീകരിക്കണമെന്നും സഞ്ജയ് സിങ് പറഞ്ഞു.

അരവിന്ദ് കെജ്‌രിവാളിനെതിരെയും ഇ.ഡിയുടെ പക്കല്‍ യാതൊരു തെളിവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെജ്‌രിവാളിന്റെ ജാമ്യം റദ്ദാക്കുന്നതിന് വേണ്ടി ഭരണഘടനാ വിരുദ്ധമായാണ് ഇ.ഡി ഹൈക്കോടതി സമീപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിന് ജാമ്യം ലഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന് ഉറപ്പായതോടെയാണ് സി.ബി.ഐയെ ഉപയോഗിച്ച് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യിപ്പിച്ചതെന്നും സഞ്ജയ് സിങ് വ്യക്തമാക്കി.

ജൂണ്‍ 26നാണ് കെജ്‌രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. കേസില്‍ വിചാരണ കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ഇ.ഡി ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ നടന്നത് നാടകീയമായ കാര്യങ്ങളാണ്. ജാമ്യ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും പിന്നീട് സി.ബി.ഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Content Highlight: AAP slams CBI over Arvind Kejriwal’s arrest: ‘Made a mockery of judiciary’

Latest Stories

We use cookies to give you the best possible experience. Learn more