ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അവഹേളിച്ച് ട്വീറ്റ് ചെയ്ത മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഈസ്റ്റ് ദല്‍ഹിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ ഗൗതം ഗംഭീറിനെതിരേ ആംആദ്മി പാര്‍ട്ടി വക്കീല്‍ നോട്ടീസ് അയച്ചു. 24 മണിക്കൂറിനുള്ളില്‍ ഇതില്‍ സത്യമെന്തെന്നു വെളിപ്പെടുത്തി പത്രങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും മാപ്പപേക്ഷ പ്രസിദ്ധപ്പെടുത്തണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
മാപ്പ് ചോദിച്ചില്ലെങ്കില്‍ ഗംഭീറിനെതിരേ ക്രിമിനല്‍ നടപടിക്രമങ്ങള്‍ തുടങ്ങുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.
വ്യാഴാഴ്ചയാണു വിവാദത്തിനാസ്പദമായ ട്വീറ്റുണ്ടാകുന്നത്. കെജ്‌രിവാള്‍ ഒരു വൃത്തികെട്ട മുഖ്യമന്ത്രിയാണെന്നും അങ്ങനെയൊരു മുഖ്യമന്ത്രിയുണ്ടായതില്‍ താന്‍ ലജ്ജിക്കുന്നെന്നുമായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.
ഇതിനു തൊട്ടുപിറകെ തന്നെ അവഹേളിക്കുന്ന തരത്തിലുള്ള ലഘുലേഖകള്‍ ഗംഭീര്‍ വിതരണം ചെയ്‌തെന്ന ആരോപണവുമായി ഗംഭീറിന്റെ എതിര്‍സ്ഥാനാര്‍ഥിയായ ആംആദ്മി പാര്‍ട്ടി നേതാവ് ആതിഷി മര്‍ലേന രംഗത്തെത്തിയിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഒപ്പമെത്തിയായിരുന്നു ആതിഷിയുടെ ആരോപണം. ഇക്കാര്യം ഉന്നയിച്ച് ദല്‍ഹി വനിതാ കമ്മീഷനില്‍ അവര്‍ പരാതി നല്‍കിയിട്ടുണ്ട്.
ആരോപണം തെളിയിച്ചാല്‍ താന്‍ രാഷ്ട്രീയം വിടുമെന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം. തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നു കാണിച്ച് ആതിഷിക്കും കെജ്‌രിവാളിനും സിസോദിയക്കും ഗംഭീര്‍ നോട്ടീസ് അയച്ചിരുന്നു. ഇവര്‍ നിരുപാധികമായി മാപ്പ് പറയണമെന്നാണ് ആവശ്യം.