ന്യൂദല്‍ഹി: രാജ്യത്ത് നിലനില്‍ക്കുന്നത് അടിയന്തരാവസ്ഥ കാലത്തിന് സമാനമായ സാഹചര്യമെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ വക്താവ് സൗരഭ് ഭരത്‌വാജ്. 24 മണിക്കൂറിനിടെ തങ്ങളുടെ 80 ശതമാനം നേതാക്കളേയും പൊലീസ് അറസ്റ്റ് ചെയ്തതായും അദ്ദേഹം ആരോപിച്ചു.
ദല്‍ഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ആം ആദ്മി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഇതിനിടെ എ.എ.പിയുടെ എം.പി സഞ്ജയ് സിങ്, മന്ത്രി ഗോപാല്‍ റായ് എന്നിവരുള്‍പ്പെടെ 50 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത നേതാക്കളെ ഞായറാഴ്ച വിട്ടയക്കുമെന്ന് പൊലീസ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
അന്യായമായി നേതാക്കളെ തടവില്‍ വെക്കുന്നത് നിയമവിരുദ്ധമാണെന്നും രാജ്യത്തെ സ്ഥിതി അടിയന്തരാവസ്ഥ കാലത്തിന് സമാനമായെന്നും സൗരഭ് ഭരത്‌വാജ് പത്രസമ്മേളനത്തിനിടെ പറഞ്ഞു.
‘ഇന്നലെ മുതല്‍ ആപ്പ് ആവര്‍ത്തിച്ച് പറയുകയാണ് മനീഷ് സിസോദിയ നിരപരാധിയാണെന്ന്. ആം ആദ്ംി പാര്‍ട്ടിയുടെ 80 ശതമാനം പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തങ്ങളെ തടഞ്ഞുവെക്കുക മാത്രമാണ് ചെയ്‌തെന്നാണ് കേന്ദ്രസര്‍ക്കാര്‍. 24 മണിക്കൂര്‍ നേതാക്കളെ കസ്റ്റഡിയില്‍ വെക്കാനുള്ള എന്ത് നിയമമാണ് ഉള്ളത്,’ ഭരത്‌വാജ് പറയുന്നു.
ഇത്തരം സാഹചര്യങ്ങള്‍ മുന്നോട്ടുവെക്കുന്നത് അപകടകരമായ സൂചനകളാണ്. ഒരു കാരണവുമില്ലാതെ നേതാക്കളെ അഴിക്കുള്ളിലാക്കിയത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സിസോദിയയെ അറസ്റ്റ് ചെയ്തതിനെതിരെ എ.എ.പി പ്രതിഷേധം ശക്തമാക്കി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും
ബി.ജെ.പിയുടെ പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി തിരുമാനിച്ചു.
ജനാധിപത്യത്തിലെ കരിദിനമാണ് ഞായറാഴ്ച മനീഷ് സിസോദിയയുടെ അറസ്റ്റിലൂടെ ഉണ്ടായതെന്ന് ആം ആദ്മി പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.
വ്യാജ കേസിലാണ് ബി.ജെ.പിയുടെ സി.ബി.ഐ ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയെ അറസ്റ്റ് ചെയ്തതെന്നും രാഷ്ട്രീയ പകപോക്കലിന്റെ പേരിലാണ് അറസ്റ്റെന്നും ആം ആദ്മി ട്വീറ്റ് ചെയ്തു.