പ്രവര്‍ത്തിക്കുന്നവര്‍ക്കൊപ്പമേ ജനങ്ങള്‍ നില്‍ക്കൂവെന്നതിന്റെ തെളിവാണ് ആം ആദ്മിയുടെ വിജയം; ബി.ജെ.പി ബീഹാര്‍ സഖ്യനേതാവ് ചിരാഗ് പസ്വാന്‍
ന്യൂദല്‍ഹി: ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വമ്പിച്ച വിജയത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനേയും പാര്‍ട്ടി പ്രവര്‍ത്തകരേയും അഭിനന്ദിച്ച് ബീഹാറിലെ ബി.ജെ.പി സഖ്യകക്ഷിയായ ലോക്ജനശക്തി പാര്‍ട്ടി.
പ്രവര്‍ത്തിക്കാന്‍ കഴിയുന്നവര്‍ ആരാണെന്ന് നോക്കിയാണ് ജനങ്ങള്‍ വോട്ട് ചെയ്യുകയെന്നും അതാണ് ദല്‍ഹി തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും എല്‍.ജെ.പി നേതാവ് ചിരാഗ് പസ്വാന്‍ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വവും മതവും ജാതിയും പറഞ്ഞ് വോട്ട് തേടിയ ബി.ജെ.പിക്ക് 70 ല്‍ എട്ട് സീറ്റുകളില്‍ മാത്രം വിജയിക്കാനായപ്പോള്‍ വിദ്യാഭ്യാസവും വികസനവും ആരോഗ്യവും തെരഞ്ഞെടുപ്പ് വിഷയമാക്കി ജനങ്ങളിലേക്ക് എത്തിയ ആം ആദ്മി പാര്‍ട്ടി 62 സീറ്റുകളിലായിരുന്നു വിജയിച്ചത്.
‘ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിജി വോട്ട് നേടിയപ്പോള്‍ അരവിന്ദ് കെജ്‌രിവാളിന്റെ പ്രവര്‍ത്തനം നോക്കി ജനങ്ങള്‍ അദ്ദേഹത്തെ അനുഗ്രഹിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍ കെജ്‌രിവാള്‍ ‘ എന്നായിരുന്നു ചിരാഗ് പസ്വാന്‍ ട്വീറ്റ് ചെയ്തത്. മോദി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു ചിരാഗ് പസ്വാന്റെ പിതാവ് രാം വിലാസ് പാസ്വാന്‍.
ദല്‍ഹിയില്‍ ബി.ജെ.പിക്ക് ഏറ്റ തിരിച്ചടിയില്‍ പ്രതികരണവുമായി ബീഹാറിലെ ബി.ജെ.പി സഖ്യകക്ഷിയായ ജെ.ഡി.യുവും രംഗത്തെത്തിയിരുന്നു. ജനങ്ങളാണ് നേതാവ് എന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ