| Wednesday, 10th February 2021, 8:05 pm

'അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രതിഷേധിച്ച ബി.ജെ.പിക്കാരെയും സമരജീവികളില്‍ ഉള്‍പ്പെടുത്തുമോ'? മോദി വെറും 'പ്രസംഗ ജീവി'യാണെന്ന് എ.എ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സമരജീവി പ്രസ്താവനയ്ക്ക് മറുപടിയുമായി ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എം.പി സഞ്ജയ് സിംഗ്. കര്‍ഷകര്‍ സമര ജീവികളാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ‘ഭാഷണ്‍ ജീവി’ അഥവാ പ്രസംഗ ജീവി ആണെന്നാണ് സഞ്ജയുടെ പരാമര്‍ശം.

‘ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാ ഗാന്ധിയടക്കമുള്ളവരെ കളിയാക്കിയാളാണ് പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്നത്. സ്വാതന്ത്ര്യ സമരസേനാനികളെക്കൂടാതെ അവകാശങ്ങള്‍ക്കായി കഴിഞ്ഞ രണ്ടുമാസത്തിലേറെയായി തെരുവില്‍ സമരമിരിക്കുന്ന കര്‍ഷകരെയും മോദി പരിഹസിക്കുകയാണ്’, സഞ്ജയ് സിംഗ് പറഞ്ഞു.

സമരജീവികള്‍ കാരണമാണ് ഇന്ന് പാര്‍ലമെന്റില്‍ നിവര്‍ന്ന് നിന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചതെന്ന് മോദി മറക്കരുതെന്നും സഞ്ജയ് പറഞ്ഞു.

‘പ്രധാനമന്ത്രി പദം വഹിക്കുന്ന ഒരാളില്‍ നിന്നും പ്രതീക്ഷിക്കാത്ത വാക്കുകളാണ് മോദി കര്‍ഷകര്‍ക്കെതിരെ ഉപയോഗിച്ചത്. അടിയന്തരാവസ്ഥ കാലത്ത് പ്രതിഷേധിച്ചതിന്റെ പേരില്‍ നിരവധി ബി.ജെ.പിക്കാരും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അവരെയും സമരജീവികളില്‍ പെടുത്തുമോ? അധികാരത്തിലില്ലെങ്കില്‍ നിങ്ങള്‍ സമരജീവിയും അധികാരം ലഭിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ വെറും പ്രസംഗ ജീവികളുമാണെന്നാണ് മോദി പറഞ്ഞുവെയ്ക്കുന്നത്’, സഞ്ജയ് സിംഗ് കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ സമരജീവി പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. കര്‍ഷകര്‍ സമരജീവികളാണെങ്കില്‍ മോദി ക്രോണി ജീവിയാണെന്നാണ് രാഹുല്‍ പറഞ്ഞത്.

മോദിയുടെ വിവാദപരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി.ചിദംബരവും രംഗത്തെത്തിയിരുന്നു.
സമരജീവി ആയതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും മഹാത്മ ഗാന്ധി ഏറ്റവും മികച്ച സമരജീവി ആയിരുന്നെന്നും ചിദംബരം പറഞ്ഞു.

കര്‍ഷക പ്രതിഷേധത്തെ ആക്ഷേപിക്കാനായിരുന്നു പ്രധാനമന്ത്രി കര്‍ഷകരെ സമരജീവികള്‍ എന്നു വിളിച്ചത്.

കര്‍ഷക സമരത്തെപ്പറ്റി വളരെ മോശമായാണ് രാജ്യസഭയില്‍ മോദി സംസാരിച്ചത്. സമര ജീവികളാണ് പ്രക്ഷോഭത്തിന് കാരണമെന്നും എന്നും മോദി പറഞ്ഞിരുന്നു. കര്‍ഷകര്‍ എന്തിനാണ് സമരം ചെയ്യുന്നതെന്നും ഈ സമരം അവസാനിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു

കര്‍ഷക സമരത്തെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നു, എന്നാല്‍ സമരത്തിന്റെ കാരണം ആരും പറയുന്നില്ലെന്നാണ് മോദി സഭയില്‍ വാദിച്ചത്. കര്‍ഷകരെ വിശ്വാസത്തില്‍ എടുത്താണ് നിയമം പാസാക്കിയതെന്നും നിയമം ചെറുകിട കര്‍ഷകര്‍ വഞ്ചിക്കപ്പെടാതിരിക്കാനാണെന്നമാണ് മോദി അവകാശപ്പെട്ടത്.

മോദിയുടെ സമരജീവി പരാമര്‍ശത്തിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

കര്‍ഷകര്‍ സമരജീവികളാണെങ്കില്‍ ബി.ജെ.പിക്കാര്‍ ‘പതാക ജീവി’കളാണ് എന്നായിരുന്നു സമാജ് വാദി പാര്‍ട്ടി എം.പി അഖിലേഷ് യാദവ് പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: AAP Mp Slams Modi And Calls Him As Bhashan Jeevi

We use cookies to give you the best possible experience. Learn more