ന്യൂദല്‍ഹി: കിഴക്കന്‍ ദല്‍ഹിയിലെ എ.എ.പി സ്ഥാനാര്‍ത്ഥി അതിഷിയെ അധിക്ഷേപിച്ചുകൊണ്ട് ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീര്‍ നോട്ടീസ് വിതരണം ചെയ്തതായി ആരോപണം. ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അതിഷിയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.
തന്നെക്കുറിച്ച് അധിക്ഷേപകരമായ നോട്ടീസ് ഗൗതം ഗംഭീര്‍ വിതരണം ചെയ്തു. വായിക്കുമ്പോള്‍ തന്നെ ലജ്ജ തോന്നുന്ന തരത്തില്‍ അങ്ങേയറ്റം മോശമായ ഭാഷയാണ് ഗൗതം ഗംഭീര്‍ ഉപയോഗിച്ചതെന്നും അതിഷി ആരോപിച്ചു.
തന്നെപ്പോലൊരു സ്ത്രീയെ തോല്‍പ്പിക്കാന്‍ ഇത്രത്തോളം തരംതാഴുന്ന ഗംഭീര്‍ എം.പിയായാല്‍ സ്ത്രീ സുരക്ഷയുടെ കാര്യം എന്താവുമെന്നാണ് അതിഷി ചോദിച്ചത്.
ഗൗതം ഗംഭീര്‍ ഇത്രത്തോളം തരംതാഴുമെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ലെന്ന് സംഭവത്തോട് പ്രതികരിച്ചുകൊണ്ട് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റു ചെയ്തു. ഇത്തരം മനോഭാവമുള്ള ആളുകളെ വോട്ടു ചെയ്തു ജയിപ്പിച്ചാല്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി നടക്കാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
‘അതിഷി, ധൈര്യമായിരിക്കൂ, നിങ്ങളെ സംബന്ധിച്ച് അത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. ഇത്തരം ശക്തികളെയാണ് നമുക്ക് എതിരിടാനുള്ളത്. ‘ എന്നും അദ്ദേഹം പറഞ്ഞു.
ഗൗതം ഗംഭീര്‍ സിക്‌സും ഫോറും കൊണ്ട് എതിരാളികളെ നേരിടുന്നത് കണ്ട് നമ്മള്‍ കയ്യടിച്ചിട്ടുണ്ട്, എന്നാല്‍ അദ്ദേഹം ഇത്തരത്തില്‍ തരംതാഴുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ലെന്നും എ.എ.പി നേതാവ് മനീഷ് സിസോദിയ പറഞ്ഞു.