| Saturday, 20th May 2023, 11:29 am

കേന്ദ്രത്തിന് കെജ്‌രിവാള്‍ സര്‍ക്കാരിലേക്ക് അധികാരം പോകുമെന്ന് ഭയം; ഓര്‍ഡിനന്‍സിനെതിരെ എ.എ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി ഉദ്യോഗസ്ഥരുടെ മേലുള്ള നിയന്ത്രണം വീണ്ടെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ദല്‍ഹി വിദ്യാഭ്യാസ മന്ത്രി അതിഷി. ദല്‍ഹി ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം, നിയമനം എന്നിവക്ക് കേന്ദ്രം പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിന് പിന്നാലെയായിരുന്നു ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ വിമര്‍ശനം.

‘തെരഞ്ഞടുക്കപ്പെട്ട സര്‍ക്കാരിന് തീരുമാനമെടുക്കാനുള്ള അധികാരമുണ്ടെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയുടെ അവഹേളനമാണ് കേന്ദ്രത്തിന്റെ ഓര്‍ഡിനന്‍സ്. അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിലേക്ക് അധികാരം പോകുമെന്ന് ഭയന്നാണ് കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്,’ അതിഷി പ്രസ്താവനയിലൂടെ പറഞ്ഞു.

‘അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിനേയും സുപ്രീംകോടതി വിധിയെയും കേന്ദ്ര സര്‍ക്കാര്‍ ഭയപ്പെടുന്നു. അതുകൊണ്ടാണ് സുപ്രീംകോടതിയെ അവഹേളിക്കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരിക്കുന്നത്,’ അതിഷി കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുക്കപ്പെടാത്ത ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണ് സ്ഥലമാറ്റത്തിനും നിയമനത്തിനുമുള്ള അധികാരമെന്നാണ് കേന്ദ്രം പറയുന്നതെന്ന് മന്ത്രി സൗരഭ് ഭരദ്വാജ് കുറ്റപ്പെടുത്തി.

‘ദല്‍ഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് നല്‍കിയ സേവന വിഷയങ്ങളിലെ അധികാരം കേന്ദ്രസര്‍ക്കാര്‍ തട്ടിയെടുത്തു. മൂന്നാം തവണയും ദല്‍ഹിയിലെ ജനങ്ങള്‍ അരവിന്ദ് കെജ്‌രിവാളിനെ തെരഞ്ഞെടുത്തു. എന്നാല്‍ കേന്ദ്രം പറയുന്നത് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണ് സ്ഥലമാറ്റത്തിനും നിയമനത്തിനുമുള്ള അധികാരമെന്നാണ്. ഇത് സുപ്രീംകോടതിയോടുള്ള അവഹേളനമാണ്’, മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു.

ഓര്‍ഡിനന്‍സിനെ മോശവും പരാജിതന്റെ പ്രവര്‍ത്തി എന്നുമായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിന്‍ഗ്വി വിശേഷിപ്പിച്ചത്.

നാഷണല്‍ ക്യാപിറ്റല്‍ സിവില്‍ സര്‍വീസ് അതോറിറ്റി രൂപീകരിക്കാനാണ് കേന്ദ്രം ഓഡിനന്‍സ് പാസാക്കിയിരിക്കുന്നത്. ദല്‍ഹി മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര മന്ത്രി എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സമിതി. ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലമാറ്റം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സമിതി ശുപാര്‍ശ നല്‍കണം.

ദല്‍ഹി സര്‍ക്കാരും ലെഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള അധികാര തര്‍ക്കത്തില്‍ ദല്‍ഹിയിലെ ഭരണമേറ്റെടുക്കാന്‍ കേന്ദ്രത്തിന് ആകില്ലെന്ന് മെയ് 11ന് സുപ്രീംകോടതി വിധിച്ചിരുന്നു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് ഭരിക്കാനുള്ള അവകാശമെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എം.ആര്‍ ഷാ, ജസ്റ്റിസ് കൃഷ്ണ മുരാരി, ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചായിരുന്നു വിധി പ്രസ്താവിച്ചത്.

‘ദല്‍ഹി സര്‍ക്കാരിന് ഭരണപരമായ അവകാശങ്ങള്‍ ഉണ്ടാകും. പൊലീസ് ലാന്‍ഡ്, പബ്ലിക്ക് ഓര്‍ഡര്‍ എന്നിവ ഒഴിച്ചുള്ള എല്ലാ സേവനങ്ങളിലും സര്‍ക്കാരിന് പൂര്‍ണമായ അവകാശമുണ്ടാകും. ഉദ്യോഗസ്ഥരെ നിയമിക്കുവാനും അവരുടെ സ്ഥലമാറ്റം തീരുമാനിക്കുവാനുമുള്ള അവകാശം സര്‍ക്കാരിനാണ് ഉള്ളത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ് ഇതിന് അവകാശം’, കോടതി വ്യക്തമാക്കിയിരുന്നു.

Contenthighlight: AAP Party leaders hits out over ordinance on service

We use cookies to give you the best possible experience. Learn more