Advertisement
national news
എ.എ.പി കോണ്‍ഗ്രസിന്റെ പിന്തുണ തേടുകയും പാര്‍ട്ടിക്കെതിരെ സംസാരിക്കുകയും ചെയ്യുന്നു; പ്രതിപക്ഷ സഖ്യത്തെ തകര്‍ക്കുകയാണ് ലക്ഷ്യം: അജയ് മാക്കന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jun 25, 02:05 pm
Sunday, 25th June 2023, 7:35 pm

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍. ഒരു വശത്ത് ആം ആദ്മി പാര്‍ട്ടിയുടെ പിന്തുണ തേടുകയും മറുവശത്ത് പാര്‍ട്ടിക്കെതിരെ സംസാരിക്കുകയും ചെയ്യുന്നുവെന്ന് മാക്കന്‍ വിമര്‍ശിച്ചു. വിശാല പ്രതിപക്ഷ സഖ്യത്തെ തകര്‍ക്കുക എന്നതാണ് എ.എ.പിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു വശത്ത് എ.എ.പി കോണ്‍ഗ്രസിന്റെ പിന്തുണ തേടുന്നു. മറുവശത്ത് പാര്‍ട്ടിക്കെതിരെ സംസാരിക്കുന്നു. ഇത് ചെയ്യുന്നതിലൂടെ അവര്‍ക്കെന്താണ് വേണ്ടത്, ഞങ്ങളുടെ പിന്തുണയാണോ വേണ്ടത്, അതോ ഞങ്ങളുടെ പാര്‍ട്ടിയില്‍(കോണ്‍ഗ്രസ്) നിന്നും അകലം പാലിക്കുകയാണോ വേണ്ടത്. കാര്യം വളരെ വ്യക്തമാണ്, അരവിന്ദ് കെജ്‌രിവാളിനെ ജയിലില്‍ പോകാന്‍ ആഗ്രഹമില്ല. അതുകൊണ്ട് അദ്ദേഹം ബി.ജെ.പിയുടെ കൂടെ നില്‍ക്കുന്നു. വിശാല പ്രതിപക്ഷ സഖ്യത്തെ തകര്‍ക്കുക എന്നതാണ് എ.എ.പിയുടെ ലക്ഷ്യം,’ അജയ് മാക്കന്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ആഴ്ച രാജസ്ഥാനില്‍ റാലിക്കായി കെജ്‌രിവാള്‍ എത്തിയിരുന്നു. രാജ്സ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെ കടുത്ത വിമര്‍ശമനങ്ങളായിരുന്നു അദ്ദേഹം റാലിക്കിടെ ഉന്നയിച്ചത്.

തങ്ങള്‍ ഇങ്ങോട്ട് വന്നപ്പോള്‍ ഗംഗാനഗറില്‍ ഗെഹ്‌ലോട്ടിന്റെ പോസ്റ്റര്‍ കണ്ടെന്നും കഴിഞ്ഞ അഞ്ച് വര്‍ഷം നന്നായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇതിന്റെ ആവശ്യമുണ്ടാവില്ലായിരുന്നുവെന്നാണ് തനിക്ക് ഗെഹ്‌ലോട്ടിനോട് പറയാനുള്ളത് എന്നായിരുന്നു കെജ്‌രിവാള്‍ പറഞ്ഞത്. കോണ്‍ഗ്രസും ബി.ജെ.പി പാര്‍ട്ടിയും അഴിമതിക്കാരാണെന്നും അദ്ദേഹം റാലിയില്‍ പറഞ്ഞിരുന്നു.

നേരത്തെ, ബി.ജെ.പിയുടെ ബി ടീമാണ് ആം ആദ്മി പാര്‍ട്ടിയെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് എം.എല്‍.എ ജയ്‌വര്‍ധന്‍ സിങും പറഞ്ഞിരുന്നു. അരവിന്ദ് കെജ്‌രിവാള്‍ നയിക്കുന്ന പാര്‍ട്ടിക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി മധ്യപ്രദേശില്‍ സീറ്റ് നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

‘അവസാനം വരെ പ്രതിപക്ഷ ഐക്യത്തിനൊപ്പം നില്‍ക്കുമോ ഇല്ലയോ എന്ന് ആം ആദ്മി വ്യക്തമാക്കണം. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിന് വേണ്ടി എല്ലാ പാര്‍ട്ടിക്കാരും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഐക്യത്തിന് ചേരാത്ത പരാമര്‍ശങ്ങളാണ് ആം ആദ്മി നടത്തുന്നത്,’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ജൂണ്‍ 23ന് പട്‌നയില്‍ വെച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ വിശാല പ്രതിപക്ഷ യോഗം ചേര്‍ന്നിരുന്നു. 17 പ്രതിപക്ഷ പാര്‍ട്ടികളായിരുന്നു യോഗത്തില്‍ പങ്കെടുത്തിരുന്നത്. കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അതിന് ശേഷം നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാതെ മടങ്ങിയിരുന്നു.

ഓര്‍ഡിനന്‍സ് പോലുള്ള പ്രധാനപ്പെട്ട വിഷയത്തില്‍ ഒരുമിച്ച് നില്‍ക്കാന്‍ കോണ്‍ഗ്രസ് മടിക്കുന്നത് കാരണം കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന സഖ്യത്തിന്റെ ഭാഗമാകാന്‍ എ.എ.പിക്ക് പ്രയാസമുണ്ടാക്കുന്നുവെന്ന് പട്നയില്‍ വെച്ച് നടന്ന യോഗം കഴിഞ്ഞയുടനെ ആം ആദ്മിയും പ്രസ്താവനയിറക്കിയിരുന്നു.

ഓര്‍ഡിനന്‍സിനെതിരെ പരസ്യ നിലപാടെടുക്കുകയും കോണ്‍ഗ്രസിന്റെ എം.പിമാര്‍ രാജ്യസഭയിലെ ഓര്‍ഡിനന്‍സിനെ എതിര്‍ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യാതെ തുടര്‍ന്നുള്ള പ്രതിപക്ഷ പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാന്‍ എ.എ.പിക്ക് സാധിക്കില്ലെന്നും യോഗത്തിനു ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ എ.എ.പി പറഞ്ഞിരുന്നു.

Content Highlight: AAP only motive is to  break opposition unity: Ajay maken