ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള ഗുജറാത്തിലെ താര പ്രചാരകരുടെ ലിസ്റ്റ് പുറത്ത് വിട്ട് ആം ആദ്മി പാര്‍ട്ടി. മദ്യനയക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കെജ്‌രിവാള്‍ നിലവില്‍ തീഹാര്‍ ജയിലിലാണ് ഉള്ളത്. ഇവര്‍ക്ക് പുറമേ കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാള്‍, സത്യേന്ദര്‍ ജെയിന്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, രാഘവ് ഛദ്ദ എന്നിവരാണ് പട്ടികയിലുള്ള മറ്റ് നേതാക്കള്‍.
എന്നാല്‍ രാജ്യസഭാ എം.പിയും മുൻ ക്രിക്കറ്റ് താരവുമായി ഹര്‍ഭജന്‍ സിങ്ങിന്റെ പട്ടികയില്‍ ഇല്ല. മദ്യനയക്കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21നാണ് അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.
അദ്ദേഹത്തിന്റെ അറസ്റ്റിന് പിന്നാലെ രാജ്യത്താകെ വ്യാപക പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. അതിനിടെ, കേസില്‍ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാള്‍ നല്‍കിയ ഹരജി അടിയന്തരമായി പരിഗണിക്കാന്‍ സാധിക്കില്ലെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി പറഞ്ഞിരുന്നു. കേസ് ഏപ്രില്‍ 29ന് പരിഗണിക്കാമെന്നാണ് സുപ്രീം കോടതി അറിയിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അദ്ദേഹത്തിന് അടിയന്തരമായി ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം. അറസ്റ്റില്‍ വിശദീകരണം ആവശ്യപ്പെട്ട് ഇ.ഡിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.
Content Highlight: AAP names jailed leaders Arvind Kejriwal and Manish Sisodia as star campaigners for Lok Sabha polls in Gujarat