ന്യൂദല്‍ഹി: കര്‍ഷകപ്രതിഷേധത്തില്‍ പാര്‍ലമെന്റില്‍ മോദിക്കെതിരെ മുദ്രാവാക്യം മുഴക്കി ആം ആദ്മി എം.പിമാര്‍. പാര്‍ലമെന്റിനുള്ളില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ 96-ാം ജന്മവാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ മോദി എത്തിയപ്പോഴായിരുന്നു കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പോസ്റ്ററുകളും ബാനറുകളും ഉയര്‍ത്തിക്കാണിച്ച് എം.പിമാര്‍ പ്രതിഷേധിച്ചത്.
ആം ആദ്മി എം.പിമാരായ ഭഗവന്ത് മാനും സഞ്ജയ് സിങ്ങുമാണ് മോദിയ്ക്ക് മുന്‍പില്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചത്.
മോദീജീ എന്ന് പേരെടുത്തുവിളിച്ച് മുദ്രാവാക്യം വിളിക്കുന്ന എം.പിമാര്‍ക്ക് മുഖം പോലും കൊടുക്കാതെ ഒന്നും സംഭവിക്കാത്ത മട്ടില്‍ കൈക്കൂപ്പിയും ചില നേതാക്കള്‍ക്ക് ഹസ്തദാനം നല്‍കിയും പാര്‍ലമെന്റ് ഹാളില്‍ നിന്ന് പുറത്തേക്കിറങ്ങുകയായിരുന്നു മോദി.
‘ബധിരരുടെ ചെവി തുറപ്പിക്കാന്‍, സ്വേച്ഛാധിപത്യ സര്‍ക്കാരിനെ ഉണര്‍ത്താന്‍, കര്‍ഷക വിരുദ്ധ കരി നിയമം പിന്‍വലിക്കാന്‍ ആണ് ഈ പ്രതിഷേധം’ എന്ന് പറഞ്ഞുകൊണ്ട് ആം ആദ്മി നേതാവ് സഞ്ജയ് സിങ് ഇതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. പ്രതിഷേധിക്കുന്നവരെ തീവ്രവാദികളാക്കുന്ന സര്‍ക്കാരിന്റെ നടപടി അവസാനിപ്പിക്കണമെന്നും ഇദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.
കര്‍ഷകര്‍ക്ക് പിന്തുണയുമായി പാര്‍ലമെന്റിനകത്ത് വെച്ച് മോദിയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ച ആം ആദ്മി നേതാക്കളെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇതിന്റെ വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നുണ്ട്.
ഇന്ന് പ്രധാനമന്ത്രി ആറ് സംസ്ഥാനങ്ങളിലെ കര്‍ഷകരുമായി സംവദിക്കുന്നുണ്ട്. രാജ്യത്തെ ഒമ്പത് കോടി കര്‍ഷകരെയാണ് മോദി ഇന്ന് അഭിസംബോധന ചെയ്യുന്നത്.
ഒമ്പത് കോടി കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ പദ്ധതിയുടെ കീഴില്‍ 18,000 കോടി നല്‍കുമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും പുതിയ കാര്‍ഷിക നിയമത്തില്‍ കര്‍ഷകര്‍ മോദിക്ക് നന്ദിപറയുമെന്നുമാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ഇന്ന് പറഞ്ഞത്.
അതേസമയം നിലവിലെ കര്‍ഷക നിയമത്തില്‍ അര്‍ത്ഥശൂന്യമായ ഭേദഗതികള്‍ വരുത്തി ചര്‍ച്ചയ്ക്കായി വരേണ്ടതില്ലെന്ന് കേന്ദ്രത്തോട് കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.
രേഖാമൂലം തയ്യാറാക്കിയ വ്യക്തമായ നിര്‍ദ്ദേശം കൈയ്യിലുണ്ടെങ്കില്‍ മാത്രം അടുത്ത ഘട്ട ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറാകാമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.
കേന്ദ്രം തങ്ങള്‍ക്കു മുന്നില്‍വെച്ച ബില്ലിന്റെ രൂപരേഖയില്‍ എം.എസ്.പി, വൈദ്യുതി ഉപഭോഗത്തിന്റെ വില, എന്നിവ സംബന്ധിച്ച് യാതൊരു വ്യക്തതയും ഇല്ലെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തങ്ങളുമായുള്ള ചര്‍ച്ചകളെ വളരെ ലാഘവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും ഗൗരവതരമായ വിഷയമായി കര്‍ഷക പ്രക്ഷോഭത്തെ അവര്‍ കാണുന്നില്ലെന്നും കര്‍ഷകര്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: AAP MPs protest against farm laws before PM Modi in Parliament