| Wednesday, 11th October 2023, 9:31 am

രാജ്യസഭയുടെ സസ്‌പെന്‍ഷനെതിരെ സുപ്രീം കോടതിയെ സമീപിച്ച് രാഘവ് ഛദ്ദ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് ആം ആദ്മി പാര്‍ട്ടി എം.പി രാഘവ് ഛദ്ദ. സഭാ നടപടികള്‍ തടസപ്പെടുത്തിയെന്നും പ്രിവിലേജ് കമ്മിറ്റിയിലേക്ക് നിര്‍ദേശിച്ച അഞ്ച് എം.പിമാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്നും ആരോപിച്ചാണ് ചദ്ദയെ സസ്‌പെന്‍ഡ് ചെയ്തത്. ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദങ്ങള്‍ ദല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്ന് ബി.ജെ.പിയുടെ വാഗ്ദാനങ്ങള്‍ നിരത്തി നല്‍കിയ മറുപടി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയായിരുന്നു സസ്‌പെന്‍ഷന്‍.

തന്റെ സസ്‌പെന്‍ഷന്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന പഞ്ചാബിലെ ജനങ്ങളുടെ മൗലികാവകാശ ലംഘനമാണെന്ന് കാണിച്ചാണ് ഛദ്ദയുടെ ഹരജി. ബംഗ്ലാവ് തിരിച്ചുപിടിച്ച് ഫ്‌ളാറ്റ് നല്‍കിയ രാജ്യസഭ സെക്രട്ടറിയേറ്റിന്റെ നടപടി ചോദ്യം ചെയ്ത് ഛദ്ദ സമര്‍പ്പിച്ച ഹരജി ദല്‍ഹി ഹൈകോടതി തള്ളിയതിന് ശേഷമാണ് സസ്‌പെന്‍ഷനെതിരെ സെക്രട്ടേറിയറ്റിനെ എതിര്‍കക്ഷിയാക്കി ഛദ്ദ സുപ്രീം കോടതിയെ സമര്‍പ്പിച്ചത്.

ദല്‍ഹി സര്‍വീസസ് ബില്ലുമായി ബന്ധപ്പെട്ട പ്രമേയത്തില്‍ ബി.ജെ.പിയുടെ എസ് ഫാങ്നന്‍ കൊന്യാക്, നര്‍ഹരി അമിന്‍, സുധാംശു ത്രിവേദി, എ.ഐ.എ.ഡി.എംകെയുടെ എം. തമ്പിദുരൈ, ബി.ജെ.ഡിയുടെ സസ്മിത് പത്ര എന്നീ അഞ്ച് എം.പി.മാരുടെ ഒപ്പ് വ്യാജമായി ചമച്ചെന്നാരോപിച്ചാണ് രാഘവ് ഛദ്ദയെ ഓഗസ്റ്റില്‍ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത്. രാഘവ് ഛദ്ദയുടെ നടപടി അധാര്‍മ്മികമാണെന്ന് ആരോപിച്ച് ബി.ജെ.പിയുടെ പിയൂഷ് ഗോയലാണ് സസ്‌പെന്‍ഷന്‍ പ്രമേയം അവതരിപ്പിച്ചത്.

എന്നാല്‍ ഒരു സഭാ സമ്മേളനത്തിന്റെ അവശേഷിക്കുന്ന കാലയളവിലേക്കായിരിക്കണം സസ്‌പെന്‍ഷന്‍ എന്ന് രാജ്യസഭയുടെ 256ാം ചട്ടത്തിലുണ്ടെന്ന് ഛദ്ദ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു. മഹാരാഷ്ട്ര സഭയില്‍ നിന്ന് 12 എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കിയ 2022ലെ സുപ്രീംകോടതി വിധി ഛദ്ദ കോടതിയില്‍ ചൂണ്ടിക്കാട്ടി.

Content Highlights: AAP MP Raghav Chadha moves Supreme Court challenges suspension from Rajya Sabha

Latest Stories

We use cookies to give you the best possible experience. Learn more