| Friday, 1st January 2021, 7:29 pm

'അങ്ങ് മിലാനില്‍ നിന്ന് തിരിച്ചെത്തിയോ'? കര്‍ഷകര്‍ക്കായുള്ള രാഹുലിന്റെ പുതുവത്സരാശംസകളെ പരിഹസിച്ച് ആം ആദ്മി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ബില്ലിനെതിരെ ഒരു മാസം നീണ്ട സമരം നയിക്കുന്ന കര്‍ഷകര്‍ക്കായി പുതുവത്സരാംശസകള്‍ നേര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ആം ആദ്മി പാര്‍ട്ടി. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് രാഹുലിനെതിരെ പരസ്യ വിമര്‍ശനം.

കര്‍ഷകര്‍ക്കുള്ള രാഹുലിന്റെ പുതുവത്സരാശംസകള്‍ റീ ട്വീറ്റ് ചെയ്ത് അങ്ങ് മിലാനില്‍ നിന്ന് തിരിച്ചെത്തിയോ? എന്നാണ് ആം ആദ്മി പാര്‍ട്ടി ട്വീറ്റ് ചെയ്തത്. രാഹുലിന്റെ ഇറ്റലി യാത്രയെ പരിഹസിച്ചായിരുന്നു ട്വീറ്റ്.

രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് വേണ്ടിയായിരുന്നു ഇത്തവണത്തെ രാഹുലിന്റെ പുതുവര്‍ഷ സന്ദേശം.  നമ്മളില്‍ നിന്ന് വിട പറഞ്ഞവരെയും നമ്മെ സംരക്ഷിക്കുന്നവരെയും നമുക്കായി ത്യാഗം ചെയ്യുന്നവരെയും നന്ദിയോടെ ഓര്‍ക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

അന്തസ്സിനും അഭിമാനത്തിനുമായി പോരാടുന്ന കര്‍ഷകരോടൊപ്പമാണ് എന്റെ മനസ്സ്. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍, എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. ഇതിനെതിരെയാണ് പരിഹാസവുമായി ആം ആദ്മി രംഗത്തെത്തിയത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപകദിനാഘോഷത്തില്‍ പോലും പങ്കെടുക്കാതെ രാഹുല്‍ ഇറ്റലിയിലേക്ക് പോയതിനെതിരെ നേരത്തെയും വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ തികച്ചും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായാണ് താന്‍ വിദേശരാജ്യത്തേക്ക് പോയതെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

അതേസമയം, കാര്‍ഷിക പ്രതിഷേധം 36ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ഡിസംബര്‍ 30ന് നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. എന്നാല്‍ നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ഭേദഗതി വരുത്താമെന്നുമാണ് കേന്ദ്രം മുന്നോട്ട് വെച്ചിരുന്നത്. എന്നാല്‍ കാര്‍ഷിക നിയമം ഭേദഗതി ചെയ്യുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കില്ലെന്ന് കര്‍ഷകരും അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: AAP Mocked At Rahul Gandhi On His New Year Meassage

We use cookies to give you the best possible experience. Learn more