| Sunday, 11th December 2022, 6:09 pm

ഗുജറാത്തില്‍ ആം ആദ്മി എം.എല്‍.എ ബി.ജെ.പിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍; ജനങ്ങള്‍ പറയും പോലെ ചെയ്യുമെന്ന് എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ജയിച്ച ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരില്‍ ചിലര്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അഞ്ച് സീറ്റുകളിലായിരുന്നു ആം ആദ്മി ജയിച്ചിരുന്നത്.

വിസാവദാര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും ജയിച്ച ഭൂപത് ബയാനിയെ ചുറ്റിപ്പറ്റിയാണ് കൂറുമാറ്റത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നതെന്നാണ് ഇന്ത്യ ടുഡേ, എന്‍.ഡി.ടിവി തുടങ്ങിയ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബി.ജെ.പിയില്‍ ചേര്‍ന്നില്ലെങ്കിലും പുറത്തുനിന്നുള്ള പിന്തുണ കൊടുക്കുമെന്ന നിലയിലാണ് ഭൂപത് സംസാരിച്ചിരുന്നതെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ആം ആദ്മിയില്‍ നിന്നും ബി.ജെ.പിയിലേക്ക് കൂറുമാറ്റത്തിനുള്ള സാധ്യതകളെ കുറിച്ച് തകൃതിയായി ചര്‍ച്ച നടക്കുന്നത്.

എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകളെ തള്ളി ഭൂപത് ബയാനി പിന്നീട് രംഗത്ത് വന്നിരുന്നു. ‘ഞാന്‍ ബി.ജെ.പിയില്‍ ചേരാന്‍ പോകുന്നില്ല. എന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ ജനങ്ങളോട് ചോദിക്കും. അതിന് ശേഷമേ തീരുമാനിക്കൂ,’ ഭൂപത് ഇന്ത്യ ടുഡേക്ക് നല്‍കിയ പ്രതികരണത്തില്‍ പറയുന്നു.

ദല്‍ഹിയിലെ തുടര്‍ വിജയവും പഞ്ചാബില്‍ ആദ്യമായി അധികാരത്തിലെത്തിയതും നല്‍കിയ ഊര്‍ജത്തിലായിരുന്നു ആം ആദ്മി ഗുജറാത്തില്‍ മത്സരിക്കാനെത്തിയിരുന്നത്. വമ്പന്‍ പ്രചാരണ പരിപാടികളായിരുന്നു പാര്‍ട്ടി അധ്യക്ഷനും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളിന്റെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നടന്നത്.

തങ്ങളും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്ന് അരവിന്ദ് കെജ്‌രിവാളും മറ്റ് ആം ആദ്മി നേതാക്കളും ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണസമയത്ത് ഏകദേശം ഈ നിലയില്‍ തന്നെയായിരുന്നു മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഡിസംബര്‍ എട്ടിന് ഫലം പുറത്തുവന്നതോടെ അഞ്ച് സീറ്റിലേക്കായി ആം ആദ്മി ചുരുങ്ങുകയായിരുന്നു.

എന്നാല്‍ ബി.ജെ.പിയുടെ ശക്തികേന്ദ്രമായ ഗുജറാത്തിലേക്കുള്ള ആം ആദ്മിയുടെ ഗംഭീരമായ കടന്നുവരവ് എന്നാണ് എ.എ.പി ഗുജറാത്ത് അധ്യക്ഷനായ ഗോപാല്‍ ഇറ്റാലിയ തെരഞ്ഞെടുപ്പ് പ്രകടനത്തെ വിലയിരുത്തിയത്. എ.എ.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിക്കാനും ഈ അഞ്ച് സീറ്റുകള്‍ കാരണമായിരുന്നു. കെജ് രിവാളിന്റെ സത്യസന്ധമായ രാഷ്ട്രീയത്തിന്റെ വിജയമാണ് അഞ്ച് മണ്ഡലങ്ങളിലെ വിജയമെന്നും ഇറ്റാലിയ പറഞ്ഞിരുന്നു.

ആം ആദ്മിയുടെ ഗുജറാത്തിലേക്കുള്ള കടന്നുവരവിനെ ചുരുക്കി കാണാനാകില്ലെന്നും അഞ്ച് സീറ്റുകളെന്നത് സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ പ്രധാനപ്പെട്ടത് തന്നെയാണെന്നും ചില രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയിരുന്നു.

എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും എം.എല്‍.എമാര്‍ കൊഴിഞ്ഞുപോകുകയും ബി.ജെ.പിയിലേക്ക് ചേക്കേറുകയും ചെയ്താല്‍ അത് ചെറുതല്ലാത്ത ആഘാതമായിരിക്കും എ.എ.പിക്ക് സമ്മാനിക്കുക.

2023ല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചത്തീസ്ഗഡ്, കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും എ.എ.പി മത്സരിക്കാനൊരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെയാണ് ബി.ജെ.പി ജയിച്ചത്. 182ല്‍ 156 സീറ്റുകളും നേടിയാണ് പാര്‍ട്ടിയുടെ വിജയം. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന് 17 സീറ്റ് മാത്രമാണ് നേടാനായത്.

Content Highlight: AAP MLA might join BJP in Gujarat

Latest Stories

We use cookies to give you the best possible experience. Learn more