ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി എം.എല്‍.എക്ക് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് തന്നെ മര്‍ദനമേറ്റു. ദല്‍ഹി കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കവുമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് എന്‍.ഡി.ടി.വി അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എം.എല്‍.എ ഗുലാബ് സിങ് യാദവിന് മര്‍ദനമേല്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ദല്‍ഹി നഗരസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിലെ ചര്‍ച്ചയാണ് ഒടുവില്‍ അക്രമത്തില്‍ കലാശിച്ചത്. ഗുലാബ് സിങ് യാദവ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കുറിച്ച് രൂക്ഷമായി സംസാരിക്കുന്നത് പ്രചരിക്കുന്ന വീഡിയോയില്‍ കേള്‍ക്കാം. വിഷയത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക വൃത്തങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ദല്‍ഹിയിലെ മട്യാല (Matiala) മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഗുലാബ് സിങ് യാദവ് തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് പ്രശ്നമുണ്ടായതെന്നാണ് വിവിധ സ്രോതസുകളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടില്‍ പറയുന്നത്.
തര്‍ക്കം എന്തിനെക്കുറിച്ചാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ രൂക്ഷമായ വാക്കേറ്റത്തിനിടയില്‍, ക്ഷുഭിതരായ ആം ആദ്മി പ്രവര്‍ത്തകര്‍ എം.എല്‍.എയെ മര്‍ദിക്കുകയും കോളറില്‍ പിടിച്ച് തള്ളുകയും ചെയ്തു. ഇദ്ദേഹം പുറത്തേക്ക് പോകാന്‍ ശ്രമിച്ചപ്പോള്‍, തൊഴിലാളികള്‍ പിറകെയോടി വീണ്ടും മര്‍ദിക്കുന്നുണ്ട്.
ബി.ജെ.പി വക്താവ് സംബീത് പത്ര അടക്കമുള്ളവര്‍ ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
”ആം ആദ്മി പാര്‍ട്ടിയുടെ അഴിമതി കാരണം അവരുടെ അംഗങ്ങള്‍ പോലും എം.എല്‍.എമാരെ വെറുതെ വിടുന്നില്ല! ‘സത്യസന്ധമായ രാഷ്ട്രീയം’ എന്ന നാടകത്തില്‍ മുഴുകിയ പാര്‍ട്ടിയില്‍ നിന്നുള്ള അഭൂതപൂര്‍വമായ ദൃശ്യങ്ങള്‍.
വരാനിരിക്കുന്ന എം.സി.ഡി തെരഞ്ഞെടുപ്പിലും സമാനമായ ഒരു ഫലം അവരെ കാത്തിരിക്കുന്നു,” എന്നാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് സംബീത് പത്ര ട്വീറ്റ് ചെയ്തത്.
മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി ‘സ്ഥാനാര്‍ത്ഥിത്വം വില്‍ക്കുന്നു’ എന്നതിന്റെ തെളിവാണ് വീഡിയോയെന്നും ആം ആദ്മി പ്രവര്‍ത്തകര്‍ അമര്‍ഷത്തിലാണെന്നുമാണ് ബി.ജെ.പി ആരോപിക്കുന്നത്.
അതേസമയം ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ 250 വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ നാലിനാണ് നടക്കുന്നത്. ഡിസംബര്‍ ഏഴിന് ഫലം പ്രഖ്യാപിക്കും.
117 സ്ഥാനാര്‍ത്ഥികളടങ്ങുന്ന രണ്ടാം പട്ടിക ആം ആദ്മി പാര്‍ട്ടി കഴിഞ്ഞ ഞായറാഴ്ച പുറത്തുവിട്ടിരുന്നു. ബി.ജെ.പി തങ്ങളുടെ 232 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടതിന് തൊട്ടുപിന്നാലെയായിരുന്നു ആപ്പ് രണ്ടാം പട്ടിക പുറത്തിറക്കിയത്.
ബി.ജെ.പിക്കെതിരെ ദല്‍ഹിയിലെ ജനങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യുമെന്ന് നേരത്തെ ആപ്പ് നേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനില്‍ ചെയ്ത അഞ്ച് കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പറയാമോ എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള് ബി.ജെ.പിയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
Content Highlight: AAP MLA Gulab Singh Yadav got beaten up in Delhi by his own party workers