ന്യൂദല്‍ഹി: 2015ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗൃഹനാഥനെ ആക്രമിച്ച കേസില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ സോംദത്തിന് ആറ് മാസം തടവും രണ്ട് ലക്ഷം രൂപ പിഴയും. സദര്‍ ബസാര്‍ മണ്ഡലത്തിലെ എം.എല്‍.എയാണ് സോംദത്ത്.
ദല്‍ഹി അഡിഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന്റെതാണ് വിധി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോംദത്തും അനുയായികളും ചേര്‍ന്ന് പണ്ഡിറ്റ് സഞ്ജീവ് റാണ എന്നയാളെ ആക്രമിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോംദത്തും അമ്പതോളം അനുയായികളും സഞ്ജീവ് റാണയുടെ വീട്ടിലെത്തിയിരുന്നു. ഏറെ നേരം ബെല്‍ അടിച്ചിട്ടും ആരും വാതില്‍ തുറന്നിരുന്നില്ല. ഇതില്‍ ക്ഷുഭിതരായ സോംദത്തിന്റെ അനുയായികള്‍ സഞ്ജീവ് റാണയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
പ്രകോപനമില്ലാതെ ഗുരുതരമായി പരിക്കേല്‍പ്പിക്കുക, തടഞ്ഞുവെക്കല്‍, കലാപം, നിയമ വിരുദ്ധമായി ഒന്നിച്ചു കൂടുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അടുത്തിടെ ശിക്ഷിക്കപ്പെടുന്ന രണ്ടാമത്തെ എ.എ.പി എം.എല്‍.എയാണ് സോംദത്ത്. കഴിഞ്ഞ മാസം കോണ്ഡ്‌ലി മണ്ഡലത്തിലെ മനോജ് കുമാര്‍ എം.എല്‍.എയെ കോടതി മൂന്ന് മാസം തടവിന് ശിക്ഷിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിനിടെ പോളിങ് ബൂത്തിലെ നടപടികള്‍ തടസപ്പെടുത്തിയതിനായിരുന്നു ശിക്ഷ.