ന്യൂദല്‍ഹി: കൈക്കൂലിക്കേസില്‍ പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അമിത് രത്തനെ വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. 25 ലക്ഷത്തിന്റെ സര്‍ക്കാര്‍ ഗ്രാന്റ് അനുവദിക്കുന്നതിന് 5 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ അന്വേഷണം നേരിടുന്നതിനിടയിലാണ് അറസ്റ്റ്.
ഇതേ കേസില്‍ കൂട്ടാളി റാഷിം ഗാര്‍ഗിനെ നേരത്തെ തന്നെ പഞ്ചാബ് വിജിലന്‍സ് ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എം.എല്‍.എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഫെബ്രുവരി 22 ന് വൈകീട്ട് രാജ് പുരയില്‍ നിന്നും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച അമിതിനെ നടപടിക്രമങ്ങള്‍ക്ക് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഗുദ വില്ലേജ് ഗ്രാമമുഖ്യയായ സീമാ റാണിയുടെ ഭര്‍ത്താവായ പ്രീത് പാല്‍ കുമാറാണ് എം.എല്‍.എക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. ഗ്രാമത്തിന്റെ അടിസ്ഥാന വികസനത്തിനായി സമര്‍പ്പിച്ച 25 ലക്ഷത്തിന്റെ ഗവണ്‍മെന്റ് ഗ്രാന്റ് അനുവദിച്ച് തരുന്നതിന് 5 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടതാണ് കേസിനാസ്പദമായ സംഭവം. തുടര്‍ന്ന് എം.എല്‍.എയുടെ ബിനാമി റാഷിം ഗാര്‍ഗിന്റെ കൈവശം പണം കൊടുത്തെന്നാണ് കുമാര്‍ ആരോപിക്കുന്നത്.
പരാതിയെതുടര്‍ന്ന് ഫെബ്രുവരി 16 ന് ബട്ടിണ്ടയില്‍ വെച്ച് റാഷിം ഗാര്‍ഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് ലക്ഷം രൂപയും സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തു.
ഗാര്‍ഗുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് എം.എല്‍.എ ആദ്യം പറഞ്ഞിരുന്നത്. പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയെ താറടിച്ച് കാണിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കെട്ടിച്ചമച്ച കേസാണെന്നും ആരോപിച്ചിരുന്നു.
എന്നാല്‍ പിന്നീട് പരാതിക്കാരന്‍ എം.എല്‍.എ യുടെയും, റാഷിം ഗാര്‍ഗിനുമൊപ്പമുള്ള ഓഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളില്‍ കൂടി പുറത്ത് വിടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി പഞ്ചാബ് ഘടകം തന്നെ അമിത് രത്തനെ തള്ളി പറഞ്ഞ് രംഗത്തെത്തിയിരുന്നു.
Content Highlight: AAP MLA Amit rattan kotfatta arrested by vigilance in corruption case