national news
എ.എ.പിയെ വിടാതെ ഇ.ഡി; വഖഫ് ബോര്‍ഡ് അഴിമതിക്കേസില്‍ അമാനത്തുള്ള ഖാൻ അറസ്റ്റിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Apr 18, 04:22 pm
Thursday, 18th April 2024, 9:52 pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ വീണ്ടും ഇ.ഡി അറസ്റ്റ്. ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അമാനത്തുള്ള ഖാനെയാണ് ഇ.ഡി അറസ്റ്റ് ചെയ്തത്. വഖഫ് ബോര്‍ഡ് അഴിമതിയുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണക്കേസിലാണ് അദ്ദേഹത്തെ ഇ.ഡി അറസ്റ്റ് ചെയ്തത്.

ഇ.ഡി കേസുകളില്‍ അറസ്റ്റിലാകുന്ന അഞ്ചാമത്തെ പ്രമുഖ നേതാവാണ് അമാനത്തുള്ള ഖാന്‍. ദല്‍ഹിയിലെ ഓഖ്‌ല എം.എല്‍.എയും 2020 മുതല്‍ ദല്‍ഹി വഖഫ് ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനവും അദ്ദേഹം വഹിക്കുന്നുണ്ട്.

വഖഫ് ബോര്‍ഡ് സ്വത്തുക്കള്‍ മറിച്ച് വിറ്റെന്നാണ് അമാനത്തുള്ള ഖാനെതിരെയുള്ള ഇ.ഡി കേസ്. കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി തള്ളിക്കളഞ്ഞു.

ഇതിന് പിന്നാലെ ഇ.ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനും കോടതി ഉത്തരവിട്ടിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെയാണ് അദ്ദേഹത്തെ ഇ.ഡി അറസ്റ്റ് ചെയ്തത്. എ.എ.പിയുടെ മുതിര്‍ന്ന നേതാക്കളായ അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരെല്ലാം ഇ.ഡി കേസിലാണ് അറസ്റ്റിലായത്.

ഇവരെ അറസ്റ്റ് ചെയ്തത് ദല്‍ഹി മദ്യനക്കേസിലാണ്. മറ്റൊരു അഴിമതി കേസില്‍ എ.എ.പിയുടെ സത്യേന്ദര്‍ ജെയിനെയും ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഒടുവിലായി വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് അമാനത്തുള്ള ഖാനും ഇപ്പോള്‍ അറസ്റ്റിലായത്.

Content Highlight: AAP MLA  Amanatullah khan arrested