ന്യൂദല്‍ഹി: ഐ.എ.എസുകാരുടെ സമരം തീര്‍ക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നിരാഹാര സമരത്തിലായിരുന്ന ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.
സത്യേന്ദ്ര ജയിനിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 64 യൂണിറ്റും (മില്ലീഗ്രാം/ഡി.എല്‍) മൂത്രത്തിലെ കെറ്റോണിന്റെ അളവ് കൂടിയതായും പരിശോധനയില്‍ കണ്ടെത്തി. 78.5 കിലോഗ്രാം ഭാരമുള്ള ജയിനിന്റെ രക്തസമ്മര്‍ദ്ദത്തിലും വ്യത്യാസമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
സമരം ഏട്ടാം ദിവസത്തിലേക്ക് കടന്നിട്ടും ഗവര്‍ണര്‍ ഇതുവരെ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല. ഔദ്യോഗിക കാര്യങ്ങള്‍ മന്ത്രിമാര്‍ സമരസ്ഥലത്ത് നിന്നാണ് ചെയ്യുന്നത്. അനില്‍ ബൈജാലിന്റെ വസതിയിലെ സ്വീകരണ മുറിയിലാണ് കേജ്രിവാളിനൊപ്പം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, വികസനകാര്യ മന്ത്രി ഗോപാല്‍ റായി എന്നിവര്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. സിസോദിയയും നിരഹാരസമരമാണ് നടത്തുന്നത്. അദ്ദേഹത്തേയും ഇന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റിയേക്കും.
ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സമരം അവസാനിപ്പിക്കാനുള്ള നടപടികള്‍ ഉടനടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ 12നാണ് ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ എ.എ.പി നേതാക്കള്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ലഫ്റ്റനന്റ് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോഡിയ, ഗോപാല്‍ റായ് എന്നിവര്‍ക്കൊപ്പം സത്യേന്ദര്‍ ജെയ്ന്‍ ധര്‍ണ തുടങ്ങിയത്.
എഴ് ദിവസം കഴിഞ്ഞിട്ടും വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ തയ്യാറായിട്ടില്ല. എ.എ.പി അംഗങ്ങളുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് അംഗങ്ങള്‍ പങ്കെടുത്ത പ്രതിഷേധ സമരവും ദല്‍ഹിയില്‍ നടന്നിരുന്നു.
ബംഗാള്‍, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും അരവിന്ദ് കെജ്രിവാളിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഫെഡറല്‍ സിസ്റ്റം തകര്‍ക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രിമാരുടെ സംഘം ആരോപിച്ചിരുന്നു. നാല് മാസമായി തുടരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സമരം കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെയാണ് നടക്കുന്നതെന്ന് അരവിന്ദ് കെജ്രിവാള്‍ തുടക്കം മുതലേ ആരോപണമുന്നയിച്ചിരുന്നു.
അതേ സമയം തങ്ങള്‍ സമരത്തിലല്ലെന്നും രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ഉദ്യോഗസ്ഥരെ ഇരകളാക്കുകയാണെന്നും പറഞ്ഞുകൊണ്ട് ദല്‍ഹിയിലെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പത്രസമ്മേളനം നടത്തി. ജോലിയില്‍ യാതൊരുവിധ അലംഭാവവും കാണിക്കുന്നില്ലെന്നും കൃത്യമായി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നുണ്ടെന്നുമാണ് ഇവരുടെ വാദം.