| Monday, 3rd February 2020, 10:12 pm

ദല്‍ഹിയില്‍ ഇത്തവണയും ആംആദ്മി തന്നെ; അഭിപ്രായ സര്‍വ്വെ ഫലം ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തുടരുമെന്ന് അഭിപ്രായ സര്‍വ്വെ. 70 സീറ്റില്‍ ആംആദ്മി 54 മുതല്‍ 60 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. ബി.ജെ.പിക്ക് പ്രചരണങ്ങള്‍ക്കനുസരിച്ചുള്ള ഫലം ലഭിക്കില്ലെന്നും സര്‍വ്വെ വ്യക്തമാക്കുന്നു.

ടൈംസ് നൗ-ഐ.പി.എസ്.ഒ.എസ് സര്‍വ്വെയിലാണ് ഈ പ്രവചനം. ഇത് പ്രകാരം ബി.ജെ.പി 10 മുതല്‍ 14 സീറ്റുകള്‍ വരെ മാത്രമേ നേടാന്‍ സാധ്യതയുള്ളു.

പ്രവചനം യാഥാര്‍ത്ഥ്യമായാല്‍ 2015 ആവര്‍ത്തിച്ച് ആംആദ്മി അധികാരത്തിലെത്തും. 2015ല്‍ 67 സീറ്റുകളിലായിരുന്നു പാര്‍ട്ടിയുടെ ജയം. അതില്‍നിന്ന് ഏഴ് മുതല്‍ 13 സീറ്റുകള്‍ വരെ നഷ്ടപ്പെട്ടേക്കുമെന്നാണ് പ്രവചനം.

കോണ്‍ഗ്രസിന് രണ്ട് സീറ്റുകളില്‍ തൃപ്തിപ്പെടേണ്ടിവരും. ആര്‍.ജെ.ഡി, ജെ.ഡി.യു, എല്‍.ജെ.പി എന്നിവര്‍ക്ക് അക്കൗണ്ട് തുറക്കാനാവില്ലെന്നും സര്‍വ്വെയില്‍ പറയുന്നു.

തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി തന്നെ ഭരിക്കുമെന്ന് ഐ.എ.എന്‍.എസ്-സി വോട്ടര്‍ പോളിംഗ് ഏജന്‍സിയുടെ അഭിപ്രായ സര്‍വ്വെയും പ്രവചിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടന്നത് ഇന്നായിരുന്നെങ്കില്‍ കൂടി വലിയ ഭൂരിപക്ഷത്തില്‍ ആംആദ്മി പാര്‍ട്ടി വിജയിക്കുമെന്നായിരുന്നു പോളിംഗ് ഏജന്‍സിയുടെ പ്രവചനം.

ആകെയുള്ള 70 സീറ്റുകളില്‍ ആംആദ്മി പാര്‍ട്ടി 59 സീറ്റുകള്‍ നേടുമെന്നും ബി.ജെ.പി എട്ടു സീറ്റുകള്‍ സ്വന്തമാക്കുമെന്നും പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും കിട്ടാതിരുന്ന കോണ്‍ഗ്രസ് ഇത്തവണ മൂന്നു സീറ്റുകള്‍ നേടുമെന്നും പോളിംഗ് ഏജന്‍സി പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more