ആം ആദ്മി പാര്‍ട്ടി ആര്‍.എസ്.എസില്‍ നിന്ന് ഉണ്ടായത്; അവരുടെ നേതാക്കള്‍ ബി.ജെ.പിയോട് കൂറ് പുലര്‍ത്തുന്നവര്‍: പ്രിയങ്ക ഗാന്ധി
national news
ആം ആദ്മി പാര്‍ട്ടി ആര്‍.എസ്.എസില്‍ നിന്ന് ഉണ്ടായത്; അവരുടെ നേതാക്കള്‍ ബി.ജെ.പിയോട് കൂറ് പുലര്‍ത്തുന്നവര്‍: പ്രിയങ്ക ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th February 2022, 3:41 pm

കോട്കപുര: രാഷ്ട്രീയ സ്വയംസേവക് സംഘി(ആര്‍.എസ്.എസ്)ല്‍ നിന്നാണ് ആം ആദ്മി പാര്‍ട്ടി ഉയര്‍ന്നുവന്നതെന്ന് പ്രിയങ്ക ഗാന്ധി വാദ്ര. തങ്ങള്‍ ഭാരതീയ ജനതാ പാര്‍ട്ടിയോട് കൂറ് പുലര്‍ത്തുന്നുവെന്ന് എ.എ.പി നേതാക്കള്‍ പരസ്യമായി പറയുന്നതിലേക്ക് കാര്യങ്ങളെത്തി നില്‍ക്കുന്നതെന്നും പ്രയങ്ക ഗാന്ധി പറഞ്ഞു.

പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള റാലിയില്‍ സംസാരിക്കവെയാണ് പ്രയങ്കയുടെ പ്രതികരണം. ദല്‍ഹിയിലെ വിദ്യാഭ്യാസ, ആരോഗ്യ മേഖലയില്‍ നടന്നു എന്ന പറയുന്ന വികസനങ്ങള്‍ വെറും പൊള്ളയാണെന്നും പിയങ്ക ഗാന്ധി കോട്കപുരയിലെ ഒരു പൊതുറാലിയില്‍ പറഞ്ഞു.

‘രാഷ്ട്രീയ പാര്‍ട്ടികളെയും അവരുടെ നേതാക്കളെയും കുറിച്ചുള്ള സത്യം അറിയേണ്ടതുണ്ട്. ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ തന്നെ പറയുന്നത് ബി.ജെ.പി നേതാക്കളേക്കാള്‍ ആശയപരമായി ബി.ജെ.പിയോട് അടുപ്പമുണ്ടെന്നാണ്,’
പ്രിയങ്ക പറഞ്ഞു.

പഞ്ചാബിലെ മുന്‍ മുഖ്യമന്ത്രിയായിരുന്നു അമരീന്ദര്‍ സിംഗിനേയും അവര്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചന്നി ഒരു സാധാരണക്കാരനാണ്. ബി.ജെ.പി ബന്ധമുള്ള ഒരാളെ ഒഴിവാക്കാനുള്ള ധൈര്യം കാണിച്ചാണ് ചന്നിയെ മുഖ്യമന്ത്രിയാക്കിയത്. അന്ന് ഒളിഞ്ഞിരിക്കുന്ന കൂട്ടുകെട്ട് ഇപ്പോള്‍ പരസ്യമായി പുറത്തുവന്നിരിക്കുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗ്വന്ത് മന്നിന്റെ മണ്ഡലമായ ദുരിയില്‍ പ്രിയങ്ക പ്രചാരണം നടത്തുന്നുണ്ട്. ദുരി മണ്ഡലത്തില്‍ സ്ത്രീവോട്ടര്‍മാരുമായുള്ള സംവാദ പരിപാടിയിലും പ്രിയങ്ക സംസാരിക്കുന്നുണ്ട്

കഴിഞ്ഞ ദിവസം അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കേജ്രിവാള്‍ മണ്ഡലത്തില്‍ പ്രചരണം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് പ്രിയങ്ക പഞ്ചാബില്‍ പ്രചരണത്തിനെത്തുന്നത്.

അതേസമയം, പഞ്ചാബില്‍ തൂക്കു നിയമസഭയ്ക്ക് സാധ്യതയില്ലെന്ന് പി.സി.സി അധ്യക്ഷന്‍ നവജ്യോത് സിംഗ്
സിദ്ദു അറിയിച്ചു. എത്ര പാര്‍ട്ടികള്‍ മത്സരരംഗത്ത് ഉണ്ടെങ്കിലും ഒരു പാര്‍ട്ടിക്ക് മാത്രമാകും കേവലഭൂരിപക്ഷം ലഭിക്കുക. പഞ്ചാബ് കോണ്‍ഗ്രസില്‍ ആഭ്യന്തര കലാപം ഇല്ലെന്നും സിദ്ദു പറഞ്ഞു.

പഞ്ചാബില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ എത്തിയാല്‍ നവജ്യോത് സിങ് സിദ്ദു സൂപ്പര്‍ മുഖ്യമന്ത്രിയാകുമെന്ന് രവ്നീത് സിംഗ് ബിട്ടു എം.പി നേരത്തെ പറഞ്ഞിരുന്നു. തുടര്‍ ഭരണം ലഭിച്ചാല്‍ സിദ്ദുവിന് എന്ത് പദവി ആകും കോണ്‍ഗ്രസ് നല്‍കുകയെന്ന ചോദ്യത്തിനായിരുന്നു എം.പിയുടെ മറുപടി. ചരണ്‍ ജിത്ത് സിങ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചപ്പോള്‍, സിദ്ദു എതിര്‍പ്പ് ഉന്നയിച്ചില്ലെന്ന കാര്യവും ബിട്ടു ചൂണ്ടിക്കാട്ടി.

CONTENT HIGHLIGHTS:  AAP Leaders Owe Allegiance To BJP: Priyanka Gandhi Ahead Of Punjab Polls