ന്യൂദല്‍ഹി: നരേന്ദ്ര മോദി മൂന്നാമതും അധികാരത്തിലേറിയാല്‍ തല മുണ്ഡനം ചെയ്യുമെന്ന് എ.എ.പി നേതാവും സ്ഥാനാര്‍ത്ഥിയുമായ സോംനാഥ് ഭാരതി. ജൂണ്‍ നാലിന് വോട്ടെണ്ണുമ്പോള്‍ എല്ലാ എക്സിറ്റ് പോളുകളും തെറ്റാണെന്ന് തെളിയുമെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രിയായാല്‍ തല മൊട്ടയടിക്കുമെന്നുമാണ് സോംനാഥ് പറഞ്ഞത്. ശനിയാഴ്ച എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു പ്രതികരണം.
ഏതാനും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ദല്‍ഹിയിലെ ഏഴ് സീറ്റുകളില്‍ ആറെണ്ണമെങ്കിലും ബി.ജെ.പി നേടുമെന്ന് പ്രവചിക്കുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സോംനാഥ് പ്രതികരിച്ചത്.
‘ദല്‍ഹിയിലെ ഏഴ് സീറ്റുകളിലും എ.എ.പി വിജയിക്കും. ഇന്ത്യാ സഖ്യം ദല്‍ഹി പിടിച്ചെടുക്കും. മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായാല്‍ ഞാന്‍ എന്റെ തല മൊട്ടയടിക്കുമെന്ന എന്റെ വാക്ക് കുറിച്ചുവെച്ചോളൂ,’ സോംനാഥ് പറഞ്ഞു. ജൂണ്‍ നാലിന് ശേഷം ഇന്ത്യാ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും എഎപി നേതാവ് കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ ബി.ജെ.പിക്കെതിരെ ശക്തമായി വോട്ട് ചെയ്തു. അതുകൊണ്ട് തന്നെ യഥാര്‍ത്ഥ ഫലം വരുന്നതിനായി ജൂണ്‍ നാല് വരെ കാത്തിരിക്കണമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
ദല്‍ഹിയിലെ നാല് സീറ്റുകളില്‍ എ.എ.പിയും മൂന്ന് സീറ്റില്‍ കോണ്‍ഗ്രസുമാണ് മത്സരിക്കുന്നത്. ന്യൂദല്‍ഹി മണ്ഡലത്തില്‍ ബി.ജെ.പിയുടെ ബന്‍സുരി സ്വരാജിനെതിരെയാണ് സോംനാഥ് ഭാരതി മത്സരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകളാണ് ബാന്‍സുരി.
ടൈംസ് നൗ-ഇ.ടി.ജി സര്‍വേ പ്രകാരം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം വീണ്ടും അധികാരത്തിലേറുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. 63 ശതമാനം വോട്ടുവിഹിതം ബി.ജെ.പി നേടുമെന്നാണ് ടൈംസ് നൗ വിലയിരുത്തുന്നത്.
Content Highlight: AAP leader Somnath Bharti says if Narendra Modi comes to power for the third time, he will shave his head