നാണംകെട്ട പാര്‍ട്ടിയാണ് ബി.ജെ.പി; 10 കൗണ്‍സിലര്‍മാരെ വാങ്ങാന്‍ അവര്‍ക്ക് 100 കോടിയുടെ ബജറ്റാണ്: ആം ആദ്മി നേതാവ്
national news
നാണംകെട്ട പാര്‍ട്ടിയാണ് ബി.ജെ.പി; 10 കൗണ്‍സിലര്‍മാരെ വാങ്ങാന്‍ അവര്‍ക്ക് 100 കോടിയുടെ ബജറ്റാണ്: ആം ആദ്മി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th December 2022, 5:15 pm

ന്യൂദല്‍ഹി: ഇക്കഴിഞ്ഞ ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ (എം.സി.ഡി) തെരഞ്ഞെടുപ്പില്‍ ജയിച്ചുവന്ന തങ്ങളുടെ കൗണ്‍സിലര്‍മാരെ ബി.ജെ.പി പണം നല്‍കി വിലക്കുവാങ്ങാന്‍ ശ്രമിക്കുന്നെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. ബി.ജെ.പി ഇത്തരത്തില്‍ വൃത്തികെട്ട ഗെയിം കളിക്കുകയാണെന്നും ആം ആദ്മി പറഞ്ഞു.

ആപ്പിന്റെ മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിങ് (Sanjay Singh) കൗണ്‍സിലര്‍മാരായ ഡോ. റോനാക്ഷി ശര്‍മ (Dr Ronakshi Sharma), അരുണ്‍ നവരിയ (Arun Nawariya), ജ്യോതി റാണി (Jyoti Rani) എന്നിവര്‍ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് ഈ ആരോപണങ്ങളുന്നയിച്ചത്.

”വൃത്തികെട്ട ഗെയിമാണ് ബി.ജെ.പി കളിക്കുന്നത്. മഹാരാഷ്ട്രയിലും അരുണാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും മധ്യപ്രദേശിലും കര്‍ണാടകയിലും ഗോവയിലും ഗുജറാത്തിലും നടത്തുന്ന പോലത്തെ കുതിരക്കച്ചവടമാണ് ബി.ജെ.പി നടത്തുന്നത്.

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ വിലയ്ക്കുവാങ്ങാന്‍ അതേ സൂത്രവാക്യമാണ് അവര്‍ ദല്‍ഹിയിലും പ്രയോഗിക്കുന്നത്,” ആം ആദ്മി നേതാവ് പറഞ്ഞു.

പണവും നല്‍കിയും ഭീഷണിപ്പെടുത്തിയും ജനാധിപത്യത്തെ ഹനിക്കാനും ജനവിധിയെ അവഹേളിക്കാനും ശ്രമിക്കുന്നവരെ അറസ്റ്റുചെയ്ത് ജയിലിലടയ്ക്കണമെന്ന് സഞ്ജയ് സിങ് ദല്‍ഹി പൊലീസ് കമ്മീഷണറോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

”അത്രയും നാണംകെട്ട പാര്‍ട്ടിയാണ് ബി.ജെ.പി. ഞങ്ങളേക്കാള്‍ (ആം ആദ്മി പാര്‍ട്ടി) 30 സീറ്റുകള്‍ കുറവാണ് അവര്‍ക്ക് ലഭിച്ചത്. എന്നിട്ടും അവര്‍ പറയുന്നു, ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ മേയര്‍ അവരുടെ പാര്‍ട്ടിയില്‍ നിന്നുള്ള ആളായിരിക്കുമെന്ന്,” സഞ്ജയ് സിങ് പറഞ്ഞു.

എം.സി.ഡി കൗണ്‍സിലര്‍മാരെ വാങ്ങാന്‍ 100 കോടി രൂപയുടെ ബജറ്റാണ് ബി.ജെ.പിയുടെ ദല്‍ഹി സംസ്ഥാന പ്രസിഡന്റ് ആദേശ് കുമാര്‍ ഗുപ്തയും ബി.ജെ.പി പ്രവര്‍ത്തകരും മാറ്റി വെച്ചതെന്നും സഞ്ജയ് സിങ് അവകാശപ്പെട്ടു.

”വെറും പത്ത് കൗണ്‍സിലര്‍മാരെ വാങ്ങാനാണ് ഈ 100 കോടി രൂപ. ഓരോ കൗണ്‍സിലര്‍മാര്‍ക്കും പത്ത് കോടി വീതമാണ് അവരുടെ ബജറ്റ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബി.ജെ.പിയെ പരാജയപ്പെടുത്തി ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ചരിത്ര വിജയമാണ് ആം ആദ്മി പാര്‍ട്ടി നേടിയത്. 250 സീറ്റുകളില്‍ 134 സീറ്റുകളിലും വിജയിച്ചാണ് ആം ആദ്മി പാര്‍ട്ടി ഭരണം പിടിച്ചെടുത്തത്. ബി.ജെ.പിക്ക് 104 സീറ്റുകളാണ് ലഭിച്ചത്.

ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 15 വര്‍ഷത്തെ ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിച്ചാണ് ആം ആദ്മി ഭരണത്തില്‍ വരുന്നത്. 2015ല്‍ 70ല്‍ 67 സീറ്റും നേടി എ.എ.പി സംസ്ഥാന ഭരണം പിടിച്ചപ്പോഴും അതുകഴിഞ്ഞുള്ള മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ ബി.ജെ.പി വിജയിച്ചിരുന്നു.

Content Highlight: AAP leader says BJP is a shameless party and tries to buy 10 Delhi Councillors for 100 crore rupees