national news
ദല്‍ഹി മദ്യനയക്കേസില്‍ എ.എ.പി നേതാവ് സഞ്ജയ് സിങ്ങിന് ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Apr 02, 10:12 am
Tuesday, 2nd April 2024, 3:42 pm

ന്യൂദല്‍ഹി: ദല്‍ഹി മദ്യനയക്കേസില്‍ ആം ആദ്മി നേതാവും രാജ്യസഭ എം.പിയുമായ സിങ്ങിന് ജാമ്യം. അറസ്റ്റിലായി ആറ് മാസത്തിന് ശേഷമാണ് കേസില്‍ സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.

അഴിമതിപ്പണം കൈമാറിയതിന് സഞ്ജയ് സിങ്ങിനെതിരെ എന്ത് തെളിവാണ് ഇ.ഡിയുടെ കൈയ്യില്‍ ഉള്ളതെന്ന് സുപ്രീം കോടതി ചോദിച്ചു. കസ്റ്റഡി കാലാവധി കൂട്ടണമെന്ന് ആവശ്യപ്പെട്ട ഇ.ഡിക്കെതിരെ കടുത്ത വിമര്‍ശനമാണ് സുപ്രീം കോടതി ഉന്നയിച്ചത്.

പണം കൈമാറിയതിനോ സാക്ഷി മൊഴികള്‍ സഞ്ജയ് സിങ്ങുമായി ബന്ധപ്പെടുത്തുന്നതിലും ഇ.ഡി പരാജയപ്പെട്ട സ്ഥിതിക്ക് കസ്റ്റഡി കാലാവധി നീട്ടേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.

ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നം​ഗ ബെഞ്ചാണ് സഞ്ജയ് സിങ്ങിന് ജാമ്യം അനുവദിച്ചത്. ആം ആദ്മി പാര്‍ട്ടിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കാന്‍ സഞ്ജയ് സിങ്ങിന് തടസ്സമുണ്ടാകില്ലെന്ന് സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും ഉള്‍പ്പടെ എ.എ.പിയുടെ നാല് നേതാക്കന്‍മാരാണ് വിവിധ കേസുകളിലായി ജയിലില്‍ തുടരുന്നത്. ഇതിനിടെ സഞ്ജയ് സിങ്ങിന്റെ ജാമ്യം പാര്‍ട്ടിക്ക് വലിയ ആശ്വാസം പകരുന്നതാണ്.

ഒക്ടോബറിലാണ് കേസില്‍ സഞ്ജയ് സിങ് അറസ്റ്റിലാകുന്നത്. ഇത് കെട്ടിച്ചമച്ച കേസാണെന്നും തനിക്കെതിരെ ഒരു തെളിവുമില്ലാതെയാണ് അറസ്‌റ്റെന്നും അന്ന് സഞ്ജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്രതിപക്ഷത്തിലെ ഓരോ നേതാക്കളെയും ഇ.ഡി അറസ്റ്റ് ചെയ്യുമ്പോള്‍ തെളിവില്ലാതെ എടുത്ത നടപടിയാണെന്ന് നേതാക്കള്‍ ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് സഞ്ജയ് സിങ്ങിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി നടത്തിയ പരമാര്‍ശങ്ങള്‍.

Content Highlight: AAP leader Sanjay Singh granted bail in liquor policy case