| Thursday, 4th April 2024, 9:26 am

പിണറായി വിജയന്റെ മകളെയും ഇ.ഡി വേട്ടയാടുന്നു; ജയില്‍ മോചിതനായതിന് പിന്നാലെ എ.എ.പി നേതാവ് സഞ്ജയ് സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി മദ്യനയക്കേസില്‍ ജയില്‍ മോചിതനായതിന് പിന്നാലെ ബി.ജെ.പിക്കും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്. പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചതിന്റെ മറുപടി ജനം വോട്ടിലൂടെ തിരിച്ച് തരുമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം ജയില്‍ മോചിതനായതിന് പിന്നാലെ വലിയ സ്വീകരണമാണ് സഞ്ജയ് സിങ്ങിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയത്. ‘ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചതിനാണ് എ.എ.പി നേതാക്കളെ ജയിലില്‍ അടച്ചത്. എല്ലാ പ്രതിപക്ഷ നേതാക്കളെയും ജയിലില്‍ അടക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളെയും ഇ.ഡി വേട്ടയാടുകയാണ്,’ സഞ്ജയ് സിങ് പറഞ്ഞു.

ഇത് ആഘോഷിക്കാനുള്ള സമയമല്ല പോരാട്ടത്തിനുള്ള സമയം ആണെന്ന് പറഞ്ഞ സഞ്ജയ് സിങ് വേദിയില്‍ വിപ്ലവ ഗാനം ചൊല്ലി ജനങ്ങളെ ആവേശത്തിലാക്കുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദല്‍ഹി സര്‍ക്കാരിനെ ഞെരുക്കിയ മദ്യനയ അഴിമതില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ സഞ്ജയ് സിങ്ങിന് ജാമ്യം ലഭിച്ചത് എ.എ.പിക്ക് വലിയ ആശ്വാസമായി മാറി.

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ജയിലില്‍ തുടരുന്നതിനെയാണ് സഞ്ജയ് സിങ്ങിന് സുപ്രീം കോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചത്.

അറസ്റ്റിലായി ആറ് മാസത്തിന് ശേഷമാണ് കേസില്‍ സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. അഴിമതിപ്പണം കൈമാറിയതിന് സഞ്ജയ് സിങ്ങിനെതിരെ എന്ത് തെളിവാണ് ഇ.ഡിയുടെ കൈയ്യില്‍ ഉള്ളതെന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത, പി.ബി. വരലെ എന്നിവരുടെ സുപ്രീം കോടതി ബെഞ്ചാണ് ജാമ്യം നല്‍കിയത്.

Content Highlight: AAP leader Sanjay Singh after being released from jail

We use cookies to give you the best possible experience. Learn more