ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് മെല്ലെപ്പോക്ക് സ്വീകരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ആം ആദ്മി വക്താവും സംസ്ഥാന അധ്യക്ഷയുമായ പ്രീതി ശര്‍മ മേനോന്‍. കോണ്‍ഗ്രസ് മരിക്കേണ്ട സമയമാണ് ഇതെന്നായിരുന്നു പ്രീതി ശര്‍മ പറഞ്ഞത്.
കോണ്‍ഗ്രസ് നേതൃത്വം എല്ലായ്‌പ്പോഴും പാര്‍ട്ടിയെ രാജ്യത്തിന് മുന്നില്‍ നിര്‍ത്തിയിട്ട് തങ്ങള്‍ മഹാരാഷ്ട്രയെ ബി.ജെ.പിക്ക് സമര്‍പ്പിക്കുകയാണെന്ന് പറയുകയാണ്. ബി.ജെ.പിക്ക് മഹാരാഷ്ട്രയെ തളികയില്‍ വെച്ച് കൊടുക്കുകയാണ് കോണ്‍ഗ്രസ്.
ലോക്സഭയില്‍ അവര്‍ പ്രാദേശിക സഖ്യങ്ങളെ ധാര്‍ഷ്ട്യത്തോടെ നിരസിക്കുകയും ബി.ജെ.പിയ്ക്ക് തൂത്തുവാരാനുള്ള അവസരം കൊടുക്കുകയും ചെയ്യുന്നു.
ഇപ്പോള്‍ അവര്‍ മഹാരാഷ്ട്രയെ ഒരു തളികയില്‍ വെച്ച് കൊടുക്കുകയാണ്. ഇത് മോശം മനോഭാവമാണ്. അധികം വൈകാതെ തന്നെ ഇത് അവര്‍ക്ക് തിരിച്ചടിയാകും. കോണ്‍ഗ്രസ് മരിക്കേണ്ട സമയമാണ് ഇത്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ എന്‍.സി.പി നേതാവ് ശരദ് പവാറിനൊപ്പം ചേരണം. കോണ്‍ഗ്രസ് മരിക്കേണ്ട സമയാണ് ഇത്.- പ്രീതി മേനോന്‍ ട്വീറ്റ് ചെയ്തു.
ഒക്ടോബര്‍ 24 ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ബി.ജെ.പിയെയും ശിവസേനയെയും തമ്മില്‍ തര്‍ക്കം ആരംഭിക്കുന്നത്. ബി.ജെ.പിക്ക് 105 സീറ്റും ശിവസേനയ്ക്ക് 56 സീറ്റുമായിരുന്നു ലഭിച്ചത്.
288 അംഗ നിയമസഭയില്‍ 145 എന്ന ഭൂരിപക്ഷത്തെ മറികടന്ന് ഇരു പാര്‍ട്ടികളും 161 സീറ്റുകള്‍ നേടിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പദം വിട്ടുകൊടുക്കില്ലെന്ന് ബി.ജെ.പി നിലപാടെടുത്തതോടെ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലായി.
ഇതോടെ 54 സീറ്റ് നേടിയ എന്‍.സി.പിയുമായി ശിവസേന സഖ്യത്തിന് ശ്രമിച്ചു. എന്നാല്‍ എന്‍.ഡി.എ വിടാതെ ശിവസേനയുമായി സഖ്യമില്ലെന്ന നിലപാടായിരുന്നു എന്‍.സി.പി സ്വീകരിച്ചത്. ഇതോടെ ശിവസേന തങ്ങളുടെ ഏക കേന്ദ്രമന്ത്രിയെ രാജിവെപ്പിച്ച് എന്‍.ഡി.എ സഖ്യം അവസാനിപ്പിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ ശിവസേനയുമായുള്ള സഖ്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ത്തന്നെ നിലനില്‍ക്കുന്ന ഭിന്നത പാര്‍ട്ടിയെ വലക്കുകയാണ്. മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രധാനമായും ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസിനെ പിന്നോട്ടുവലിക്കുന്നത്.
എന്നാല്‍ വേണുഗോപാലും എ.കെ ആന്റണിയും അടങ്ങുന്ന കേരളാ ലോബിയാണു സഖ്യത്തിനു തടസ്സമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്നലെ വൈകിട്ടോടെ ശിവസേനയെ പിന്തുണയ്ക്കാനുള്ള കത്ത് എന്‍.സി.പി തയ്യാറാക്കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ തീരുമാനം വൈകിയതോടെ എന്‍.സി.പി പ്രഖ്യാപനവും അനിശ്ചിതത്വത്തിലായി.