national news
മത്സരിക്കാത്ത സി.പി.ഐ.എം 3 സീറ്റുകളില്‍ ജയിക്കുന്നു, 9 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 13 സീറ്റില്‍ ജയിക്കുന്നു; എക്‌സിറ്റ് പോളുകളിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി എ.എ.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jun 03, 12:36 pm
Monday, 3rd June 2024, 6:06 pm

ന്യൂദല്‍ഹി: എക്‌സിറ്റ് പോളുകളിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി ആംഅദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് എം.പിയുടെ വാര്‍ത്താ സമ്മേളനം. വിവിധ എക്‌സിറ്റ് പോളുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ എക്‌സിറ്റ് പോളുകള്‍ നടത്തിയ പ്രവചനങ്ങളിലെ വൈരുദ്ധ്യങ്ങളും വസ്തുതാവിരുദ്ധതയും അദ്ദേഹം തുറന്നുകാട്ടി.

ജാര്‍ഖണ്ഡില്‍ ഒരു സീറ്റില്‍ പോലും മത്സരിക്കാത്ത സി.പി.ഐ.എം 2-3 വരെ സീറ്റകളില്‍ വിജയിക്കുമെന്നാണ് ഒരു എക്‌സിറ്റ് പോള്‍ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടില്‍ 9 സീറ്റുകളില്‍ മാത്രം മത്സരിക്കുന്ന കോണ്‍ഗ്രസ് 13 സീറ്റുകളില്‍ വിജയിക്കുമെന്ന് പറയുന്ന എക്‌സിറ്റ് പോളിലെ തെറ്റുകളും സഞ്ജയ് സിങ് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

തമിഴ്‌നാട്ടില്‍ 70 ശതമാനത്തിലധികം വോട്ട് വിഹിതം ബി.ജെ.പിക്ക് ലഭിക്കുമെന്ന് പറയുന്ന എക്‌സിറ്റ് പോളിനെയും അദ്ദേഹം പരിഹസിച്ചു. ഇത്തരത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ സീറ്റ് നിലകളും വോട്ട് വിഹിതവും പ്രവചിച്ച വിവിധ എക്‌സിറ്റ് പോളുകളുടെ സ്‌ക്രീന്‍ഷോട്ടുകളിലെ വൈരുദ്ധ്യവും വാര്‍ത്താ സമ്മേളനത്തില്‍ സഞ്ജയ് സിങ് പ്രദര്‍ശിപ്പിച്ചു.

രാജ്യത്ത് എക്‌സിറ്റ് പോളുകള്‍ നിരോധിക്കണമെന്നും സഞ്ജയ് സിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എക്‌സിറ്റ് പോളുകള്‍ തെറ്റുകളാണെന്ന് നിരവധി തവണ തെളിയിക്കപ്പെട്ടതാണെന്നും ഇത് രാജ്യത്തെ ജനങ്ങളെയും ഭരണ സംവിധാനത്തെയും തെറ്റായി സ്വാധീനിക്കാനുള്ള ശ്രമങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എക്‌സിറ്റ് പോളുകള്‍ വ്യാജമാണെന്ന് കഴിഞ്ഞ ദിവസം ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പറഞ്ഞിരുന്നു.

content highlights: AAP leader exposes falsehoods in exit polls