ന്യൂദല്‍ഹി: ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ (എം.സി.ഡി) തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ ആം ആദ്മി പ്രവര്‍ത്തകന്റെ പ്രതിഷേധം.
തെരഞ്ഞെടുപ്പില്‍ എ.എ.പിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ അവസരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ട്രാന്‍സ്മിഷന് ടവറിന് മുകളില്‍ കയറിയാണ് ആപ്പിന്റെ നേതാവും മുന്‍ നോമിനേറ്റഡ് കൗണ്‍സിലറുമായ ഹസീബ് ഉള്‍ ഹസന്റെ (Haseeb-ul-Hasan) പ്രതിഷേധം.
എ.എ.പി നേതാക്കള്‍ തന്നെ വഞ്ചിച്ചെന്നും അവസാന നിമിഷം സ്ഥാനാര്‍ത്ഥിത്വം മുടങ്ങിയെന്നുമാണ് ഹസീബ് ഉള്‍ ഹസന്‍ ആരോപിക്കുന്നത്.
വിവരം ലഭിച്ചയുടന്‍ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇയാളെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ പൊലീസ് തുടരുകയാണ്.
അതേസമയം മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ 117 സ്ഥാനാര്‍ത്ഥികളടങ്ങുന്ന രണ്ടാം പട്ടിക ആപ്പ് ഞായറാഴ്ച പുറത്തുവിട്ടു.
ബി.ജെ.പി തങ്ങളുടെ 232 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടതിന് തൊട്ടുപിന്നാലെയായിരുന്നു ആപ്പ് രണ്ടാം പട്ടികയും പുറത്തിറക്കിയത്.
കോര്‍പറേഷനിലെ 250 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ നാലിനാണ് ഇലക്ഷന്‍.
ബി.ജെ.പിക്കെതിരെ ദല്‍ഹിയിലെ ജനങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യുമെന്ന് നേരത്തെ ആപ്പ് നേതാക്കള്‍ പ്രതികരിച്ചിരുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനില്‍ ചെയ്ത അഞ്ച് കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പറയാമോ എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ബി.ജെ.പിയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
Content Highlight: AAP leader climbs on transmission tower after party denies him ticket for MCD polls