തിരുവനന്തപുരം: ഗോകുലം ഗോപാലന്റെ ഓഫീസുകളില്‍ എന്‍ഫോര്‍സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തിയതിന് പിന്നാലെ പ്രതികരണവുമായി ആം ആദ്മി പാര്‍ട്ടി കേരള ഘടകം.
ദിവസങ്ങള്‍ക്ക് മുമ്പ് ഗോകുലം ഗോപാലന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ് ഉണ്ടാകുമെന്ന് പ്രവചിക്കാന്‍ കഴിഞ്ഞത് ഇലുമിനാറ്റി ആയതുകൊണ്ടല്ലെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് എ.എ.പി കേരള ഘടകത്തിന്റെ പ്രതികരണം.
‘ഗോകുലം ഗോപാലന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ് ദിവസങ്ങള്‍ക്ക് മുമ്പ് പ്രവചിക്കാന്‍ കഴിഞ്ഞത് ഇലുമിനാറ്റി ആയതുകൊണ്ടല്ല. ഈ രാജ്യത്തെ രാഷ്ട്രീയം എന്താണ് എന്നുള്ള ഞങ്ങളുടെ ശരിയായ വിലയിരുത്തല്‍ ആയിരുന്നു,’ എ.എ.പി പറഞ്ഞു.
പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ എ.എ.പിയുടെ നിരീക്ഷണത്തെ അനുകൂലിച്ച് നിരവധി ആളുകള്‍ പ്രതികരിക്കുന്നുണ്ട്. നേരത്തെ എമ്പുരാനെതിരെ സോഷ്യല്‍ മീഡിയയിലൂടെ ആക്രമണം അഴിച്ചുവിട്ട സംഘപരിവാറിനെതിരെ ആം ആദ്മി രംഗത്തെത്തിയിരുന്നു.
ബി.ജെ.പി പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കൊടകര കുഴല്‍പ്പണക്കേസിലെ പ്രതികളുടെ വീട്ടില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പോയില്ലെങ്കിലും എമ്പുരാന്‍ സിനിമയുടെ പ്രൊഡ്യൂസര്‍മാരുടെ വീട്ടില്‍ ഇ.ഡി പോകുമെന്നാണ് എ.എ.പി പ്രതികരിച്ചത്.
‘ലെ ഇ.ഡി: എന്റെ പിള്ളേരെ തൊടുന്നോടാ’ എന്ന ക്യാപ്ഷന്‍ സഹിതമായിരുന്നു എ.എ.പിയുടെ പോസ്റ്റ്. ഈ പോസ്റ്റ് പങ്കുവെക്കുന്നതിന് ഒരു ദിവസം മുമ്പ് എമ്പുരാന്റെ ടീമിന് ആശംസയറിയിച്ച് ആം ആദ്മി പാര്‍ട്ടി കേരള ഘടകം പ്രതികരിച്ചിരുന്നു. രാജ്യത്തിന്റെ യഥാര്‍ത്ഥ വില്ലന്മാരെ പാന്‍ ഇന്ത്യ മുഴുവന്‍ അറിയിച്ച എമ്പുരാന്‍ ടീമിന് അഭിനന്ദനങ്ങള്‍ എന്ന കുറിപ്പാണ് എ.എ.പി പങ്കുവെച്ചത്.
‘പുറം തിരിഞ്ഞ് നില്‍ക്കുന്ന വില്ലനെ മനസിലാക്കാന്‍ സിനിമ കണ്ടാല്‍ മതി…. പക്ഷെ രാജ്യത്തിന്റെ യഥാര്‍ത്ഥ വില്ലന്മാരെ പാന്‍ ഇന്ത്യ മുഴുവന്‍ അറിയിച്ച എമ്പുരാന്‍ ടീമിന് അഭിനന്ദനങ്ങള്‍,’ എ.എ.പി പങ്കുവെച്ച കുറിപ്പ്.
ഗോകുലം ഗോപാലന്റെ ചെന്നൈ, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് ഇ.ഡി റെയ്ഡ് നടന്നത്. ഇന്ന് രാവിലെയോടെയാണ് റെയ്ഡ് ആരംഭിച്ചത്. തുടര്‍ന്ന് കോഴിക്കോടുള്ള ഓഫീസില്‍ വിളിച്ചുവരുത്തി ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യുകയും ചെയ്തു.
വിദേശത്ത് നിന്ന് കൈപ്പറ്റിയ പണം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചുവെന്നാണ് സൂചന. മൂന്ന് മാസങ്ങളായി ഗോകുലം ഗോപാലന്‍ നിരീക്ഷണത്തിലാണെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
Content Highlight: AAP kerala reminds the post that ED will arrive at Gokulam Gopalan’s house