national news
ഇന്ത്യന്‍ സഖ്യത്തില്‍ നിന്നും പുറത്ത് പോകാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് എ.എ.പി: സന്ദീപ് ദീക്ഷിത്
ന്യൂദല്‍ഹി: ഇന്ത്യന്‍ സഖ്യത്തില്‍ നിന്നും പുറത്ത് പോകാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് ആം ആദ്മി പാര്‍ട്ടി ചെയ്യുന്നതെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 1 വരെ നടക്കുന്ന ഇന്ത്യന്‍ സഖ്യത്തിന്റെ യോഗത്തെ കുറിച്ചും ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.എ.പി മത്സരിക്കുമെന്ന റിപ്പോര്‍ട്ടിനെ കുറിച്ചുമുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ സഖ്യത്തില്‍ നിന്നും പുറത്ത് പോകാനുള്ള അന്തരീക്ഷം കെട്ടിപ്പടുക്കുകയാണ് എ.എ.പി ചെയ്യുന്നതെന്നും ഇത് സംഭവിക്കുമെന്ന് തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യന്‍ സഖ്യത്തില്‍ നിന്നും പുറത്ത് പോകാനുള്ള അന്തരീക്ഷം കെട്ടിപ്പടുക്കുകയാണ് എ.എ.പി ചെയ്യുന്നത്. അതിലെന്താണ് ഉള്ളത്, ഇത് സംഭവിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ആം ആദ്മി പാര്‍ട്ടി ഓടിപോകുമെന്ന് അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞു. എ.എ.പി എന്താണ് ചെയ്യേണ്ടതെന്ന് ഷാ പരസ്യമായി പറഞ്ഞു. അവരതാണ് ചെയ്യുന്നത്, അതില്‍ അതിശയിക്കാനൊന്നുമില്ല,’ ദീക്ഷിത് പി.ടി.ഐയോട് പറഞ്ഞു. നേരത്തെയും പല വിഷയങ്ങളില്‍ എ.എ.പിയെ ദീക്ഷിത് വിമര്‍ശിച്ചിരുന്നു.
പാര്‍ട്ടിയെ കുറിച്ചുള്ള ദീക്ഷിതിന്റെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ ഇത്തരം മുതിര്‍ന്ന നേതാക്കളെ കുറിച്ച് പ്രതികരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് എ.എ.പി എം.പി സഞ്ജയ് സിങ് പ്രതികരിച്ചത്.
ഇന്നലെയായിരുന്നു ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തങ്ങള്‍ക്ക് പദ്ധതിയുണ്ടെന്ന് എ.എ.പി പാര്‍ട്ടി പ്രഖ്യാപിച്ചത്. ബീഹാറിലെ എ.എ.പി നേതാക്കളുമായും പ്രവര്‍ത്തകരുമായും എ.എ.പി ജനറല്‍ സെക്രട്ടറി സന്ദീപ് പഥക് ദല്‍ഹിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ബീഹാറില്‍ പാര്‍ട്ടിയെ ശക്തപ്പെടുത്തേണ്ട ആവശ്യത്തെ കുറിച്ച് പഥക് യോഗത്തില്‍ ഊന്നിപറഞ്ഞു. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എ.എ.പി മത്സരിക്കുമെന്നും എന്നാല്‍ മത്സരിക്കാന്‍ സംഘടനയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എ.എ.പി മത്സരിക്കും. എന്നാല്‍ എപ്പോള്‍ മത്സരിക്കണമെന്നത് പാര്‍ട്ടി തീരുമാനിക്കും. ഞങ്ങള്‍ക്ക് നേരിട്ട് തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങാനാവില്ല, അതിനായി ആദ്യം സംഘടനയെ ശക്തിപ്പെടുത്തണം. എല്ലാ ഗ്രാമങ്ങളിലും പാര്‍ട്ടിക്ക് സ്വന്തമായി കമ്മിറ്റി രൂപീകരിക്കും. സംഘടനയെ ശക്തിപ്പെടുത്തുന്നതിനായി ഇപ്പോള്‍ മുതല്‍ ഞങ്ങള്‍ കഠിനാധ്വാനം ചെയ്യും. സംഘടന ശക്തിപ്പെട്ടുക്കഴിഞ്ഞാല്‍ ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്യും,’ എന്നായിരുന്നു സന്ദീപ് പഥക് പറഞ്ഞത്.
Content Highlights: AAP is building an atmosphere to get out of the INDIA alliance: Sandeep dikshit