| Saturday, 15th February 2020, 12:27 pm

'സംഘടനാ സംവിധാനവും ദേശീയതയും ഉയര്‍ത്തും, ബി.ജെ.പിയെ പോലെയല്ല'; ആംആദ്മിയുടെ പുതിയ നീക്കങ്ങള്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി : ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച് അധികാരത്തിലെത്തിയ ആംആദ്മി പാര്‍ട്ടി ഞായറാഴ്ച്ച പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് യോഗം സംഘടിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി വിപുലീകരിക്കുന്നതിനോടൊപ്പം ബി.ജെ.പിയുടേതിന് സമാനമായി ദേശീയത എന്ന  സങ്കല്‍പ്പത്തിലേക്ക് നീങ്ങാനുമാണ് പാര്‍ട്ടിയുടെ നീക്കം. പാര്‍ട്ടിയെ സംഘടന തലത്തിലേക്ക് മാറ്റാനും ആലോചിക്കുന്നതായി ആംആദ്മി ദല്‍ഹി കണ്‍വീനര്‍ ഗോപാല്‍ റോയി വ്യക്തമാക്കി.

‘ദേശീയതയിലേക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന രീതിയിലേക്ക് നീങ്ങാനാണ് തീരുമാനം. ബി.ജെ.പി വെറുപ്പും നെഗറ്റീവ് ദേശീയതയുമാണ് പ്രചരിപ്പിക്കുന്നത്. ഞങ്ങള്‍ വിശ്വസിക്കുന്നത് പ്രവര്‍ത്തിയുടെയും വികസനത്തിന്റേയും രാഷ്ട്രീയത്തിലാണ്.’ ഗോപാല്‍ റോയ് പറഞ്ഞു. ദല്‍ഹി സര്‍ക്കാരിന് അവരുടേതായ അജണ്ടയുണ്ടെന്നും ഞങ്ങള്‍ അതിനനുസരിച്ചുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്ന് കൂടി അദ്ദേഹം കൂട്ടിചേര്‍ത്തു.

‘ഇതില്‍ നിന്നും വിഭിന്നമായി ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലാണ് കൂടുതല്‍ ശ്രദ്ധ. 15 വര്‍ഷം അവിടെ ബി.ജെ.പി ഭരിച്ചു. ദല്‍ഹിയില്‍ നമ്മള്‍ രാജ്യതലസ്ഥാനത്താണ് ജീവിക്കുന്നതെന്ന് കരുതാത്തത്രയും മാലിന്യങ്ങളും അവശിഷ്ടങ്ങളും അവിടെയുണ്ട്. അതേസമയം തന്നെ പാര്‍ട്ടിയുടെ രാജ്യവ്യാപക പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിനായി ക്യാമ്പയിന്‍ നടത്തും.’ അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 16 ന് നടക്കുന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പാര്‍ട്ടിയുടെ അംഗസംഖ്യ കൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും പിന്നീട് ഒരു സംഘടനാബലമുള്ള പാര്‍ട്ടിയാക്കി മാറ്റുമെന്നും മറ്റ് ചില സംസ്ഥാനങ്ങള്‍ കൂടി പാര്‍ട്ടി ലക്ഷ്യം വെച്ചിട്ടുണ്ടെന്നും ഗോപാല്‍ റോയി പറഞ്ഞു.

മത്സരിച്ച 70 മണ്ഡലങ്ങളില്‍ 62-ലും വിജയിച്ചാണ് ആം ആദ്മി പാര്‍ട്ടി മൂന്നാം തവണയും അധികാരത്തിലേറുന്നത്. ഫെബ്രുനരി 16 ന് തന്നെയാണ് ദല്‍ഹി മുഖ്യമന്ത്രിയായി കെജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്യുന്നതും.

പുതുമുഖങ്ങള്‍ക്ക് കൂടി അവസരം നല്‍കുന്ന മന്ത്രിസഭയായിരിക്കും കെജ്രിവാളിന്റേത് എന്നാണ് പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. ദല്‍ഹി വികസനത്തിന് ഊന്നല്‍ നല്‍കുന്ന മന്ത്രിസഭയില്‍ കഴിഞ്ഞ മന്ത്രിസഭയിലെ മുതിര്‍ന്ന നേതാക്കളെയും ഉള്‍പ്പെടുത്തും. മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും ആം ആദ്മി പാര്‍ട്ടി പുറത്ത് വിട്ടിട്ടില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more