ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിദ്വേഷകരമായ പരാമർശം നടത്തിയതിന് ഗുജറാത്ത് ആം ആദ്മി നേതാവ് പൊലീസ് കസ്റ്റഡിയിൽ. ഗുജറാത്ത് ആം ആദ്മി യൂണിറ്റ് മേധാവി ഗോപാൽ ഇറ്റാലിയയാണ് പൊലീസ് കസ്റ്റഡിയിലായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ അടങ്ങുന്ന വീഡിയോയുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ (എൻ.സി.ഡബ്ല്യു) ഗോപാലിനെ വിളിച്ചുവരുത്തിയിരുന്നു.
ഇതിന് പിന്നാലെ തന്നെ ജയിലിലടക്കാൻ എൻ.സി.ഡബ്ല്യു ശ്രമിക്കുകയാണെന്ന് ഗോപാൽ ഇറ്റാലിയ ട്വിറ്ററിൽ കുറിച്ചിരുന്നു.
എൻ.സി.ഡ.ബ്ല്യു മേധാവി എന്നെ ജയിലിലടക്കാനുള്ള ശ്രമത്തിലാണ്. ജയിൽ അല്ലാതെ മറ്റെന്താണ് പട്ടേൽ വിഭാഗക്കാരോട് മോദി സർക്കാരിന് ചെയ്യാനുള്ളത്! ബി.ജെ.പിക്ക് പടീദാർ വിഭാഗക്കാരോട് എതിർപ്പാണ്. ഞാൻ സർദാർ പട്ടേലിന്റെ പിന്തുടർച്ചക്കാരനാണ്. ജയിലുകളോട് എനിക്ക് ഭയമില്ല. നിങ്ങൾക്ക് എന്നെ തുറങ്കിലടക്കാം, അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഗോപാൽ ഇറ്റാലിയയെ വിളിപ്പിച്ചതിന് പിന്നാലെ തന്റെ ഓഫീസിന് മുമ്പിൽ സംഘർഷമുണ്ടെന്ന് ചൂണ്ടിക്കാട്ടി എൻ.സി.ഡബ്ലൂ മേധാവി രേഖ ശർമ ട്വിറ്ററിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗോപാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ക്രമസമാധാനത്തെ ബാധിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ ഗോപാൽ ശ്രമിച്ചെന്നും ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് രേഖ പൊലീസിനോട് പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. ഗോപാലിനെതിരായ നടപടിക്ക് നൂറിലധികം പ്രവർത്തകർ തന്നെ ഭീഷണിപ്പെടുത്തിയെന്നും രേഖ പൊലീസിനോട് പറഞ്ഞിരുന്നു.
അതേസമയം പടീദാർ വിഭാഗത്തോടുള്ള ബി.ജെ.പിയുടെ ഭിന്നത് ഇതോടെ വ്യക്തമായെന്നാണ് എ.എ.പിയുടെ പ്രതികരണം.