| Friday, 13th March 2020, 5:45 pm

'രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളെയും ദുരിതത്തിലാക്കും '; എന്‍.പി.ആറിനെതിരെ പ്രമേയവുമായി ആംആദ്മി പാര്‍ട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദേശീയ ജനസംഖ്യാ പട്ടികയ്‌ക്കെതിരെ പ്രമേയവുമായി ആംആദ്മി പാര്‍ട്ടി. ആംആദ്മി നേതാവും മന്ത്രിയുമായ ഗോപാല്‍ റായ് ദല്‍ഹി നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു.

ദേശീയ ജനസംഖ്യാ പട്ടിക നടപ്പിലാക്കിയാല്‍ അത് രാജ്യത്തെ ഭൂരിപക്ഷംവരുന്ന ജനങ്ങളെയും ദുരിതത്തിലാക്കുമെന്ന് റായ് പറഞ്ഞു.

”ആഭ്യന്തര മന്ത്രി എന്തൊക്കെ ഉറപ്പുകള്‍ നല്‍കിയാലും ദേശീയ ജനസംഖ്യാ പട്ടികയെ പിന്തുടര്‍ന്ന് ദേശീയ പൗരത്വ പട്ടികയും നടപ്പിലാക്കും. 2003ലെ നിയമം പറയുന്നതും അപ്രകാരമാണ്”, ഗോപാല്‍ റായ് പറഞ്ഞു.

2003 ലെ നിയമമാണ് തങ്ങള്‍ പിന്തുടരുന്നതെന്നാണ് അമിത് ഷാ പറയുന്നത്. പക്ഷേ, എന്‍.പി.ആറിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയായിരിക്കും എന്‍.ആര്‍.സി നടപ്പിലാക്കുക എന്ന് അതേ നിയമം പറയുന്നുണ്ട്, റായ് പറഞ്ഞു.

എന്തടിസ്ഥാനത്തിലാണ് എന്‍.ആര്‍.സി കൊണ്ടുവരില്ലെന്ന് അമിത് ഷാ പറയുന്നതെന്ന് ചോദിച്ച റായ് 2003ലെ നിയമം ഭേദഗതി ചെയ്തിട്ടില്ലെങ്കില്‍ സ്വാഭാവികമായും എന്‍.പി.ആറിന് പിന്നാലെ രാജ്യത്ത് എന്‍.ആര്‍.സിയും നടപ്പാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

” ദേശീയ പൗരത്വ ഭേദഗതി, ജനസംഖ്യാപട്ടിക, ദേശീയ പൗരത്വ പട്ടിക തുടങ്ങിയവ സംബന്ധിച്ച് ജനങ്ങളുടെ മനസ്സില്‍ ഒരുപാട് സംശയങ്ങളുണ്ട്. കാരണം പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇവ സംബന്ധിച്ച് വ്യത്യസ്ത പ്രസ്തവനായാണ് നല്‍കിയിരിക്കുന്നത്,” ഗോപാല്‍ റായ് പറഞ്ഞു.

എന്‍.പി.ആര്‍ സംബന്ധിച്ച നടപടികള്‍ നിര്‍ത്തുന്നതായും കേന്ദ്രം ആവശ്യപ്പെട്ടാല്‍ 2010 ല്‍ നടപ്പാക്കിയ രീതി പിന്തുടരുമെന്നും റായ് വ്യക്തമാക്കി.

എന്‍.ആര്‍.സിയും എന്‍.പി.ആറും രാജ്യത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയതായി കല്‍ക്കാജി എം.എല്‍.എ അതിഷിയും പറഞ്ഞു.

എന്‍.ആര്‍.സി പിന്‍വാതിലിലൂടെ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആരോപിച്ച അതിഷി ദല്‍ഹിയില്‍ മാത്രമല്ല രാജ്യത്ത് മുഴുവനായി എന്‍.പി.ആര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more