100 മരങ്ങള്‍ വെട്ടിനശിപ്പിച്ചു; ഗോള്‍ഫ് ക്ലബ്ബിനെതിരെ ദല്‍ഹി സര്‍ക്കാര്‍ പരാതി നല്‍കി
Environment
100 മരങ്ങള്‍ വെട്ടിനശിപ്പിച്ചു; ഗോള്‍ഫ് ക്ലബ്ബിനെതിരെ ദല്‍ഹി സര്‍ക്കാര്‍ പരാതി നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th July 2018, 8:15 am

ന്യൂദല്‍ഹി: അനധികൃതമായി മരങ്ങള്‍ മുറിച്ചുമാറ്റിയ സംഭവത്തില്‍ ദല്‍ഹി ഗോള്‍ഫ് ക്ലബ്ബിനെതിരെ ദല്‍ഹി സര്‍ക്കാര്‍. നൂറോളം മരങ്ങളാണ് സര്‍ക്കാരിനെ പോലും അറിയിക്കാതെ ക്ലബ്ബ് മാനേജ്‌മെന്റ് മുറിച്ചു മാറ്റിയിരുന്നത്. ദല്‍ഹി വനംവകുപ്പാണ് ക്ലബ്ബിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

വനംവകുപ്പ് ക്ലബ്ബിലെത്തി നടത്തിയ പരിശോധനയിലാണ് മരങ്ങള്‍ മുറിച്ചതായി കണ്ടെത്തിയത്. പരിശോധനയില്‍ 425 തടിക്കഷ്ണങ്ങള്‍ കണ്ടെടുത്തതായി സര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ഗോള്‍ഫ് ക്ലബ്ബിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ ദല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കഴിഞ്ഞില്ലേ…നിങ്ങളിനി ഇവിടെ നില്‍ക്ക്; മോദിയുടെയും അമിത് ഷായുടെയും കട്ടൗട്ടുകള്‍ കൃഷിയിടത്തിലെ നോക്കുകുത്തിയാക്കി കര്‍ഷകര്‍

ഗോള്‍ഫ് ക്ലബ്ബിന്റെ നടപടി ഗുരുതരമാണെന്നും ശക്തമായ നടപടിയെടുക്കുമെന്നും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. അതേ സമയം ക്ലബ്ബിനെ താറടിച്ചുകാണിക്കുന്നതിന് വേണ്ടിയാണ് നടപടിയെന്നും എന്നാല്‍ അന്വേഷണത്തോട് സഹകരിക്കുമെന്നും ദല്‍ഹി ഗോള്‍ഫ് ക്ലബ്ബ് മാനേജ്‌മെന്റ് പ്രതികരിച്ചു.

മരംമുറിച്ചു മാറ്റിയ സംഭവത്തില്‍ സര്‍ക്കാര്‍ വനംവകുപ്പിനോട് പ്രത്യേക അന്വേഷണ റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം വര്‍ധിക്കുന്നതിനിടെയാണ് ഉന്നതരുടെ കേന്ദ്രമായ ഗോള്‍ഫ് ക്ലബ്ബ് മരങ്ങള്‍ മുറിച്ചുമാറ്റിയത്.