| Thursday, 12th May 2022, 5:12 pm

ബയോ ഡീകംപോസര്‍ പദ്ധതിക്ക് വേണ്ടത് 68 ലക്ഷം; പരസ്യത്തിന് സര്‍ക്കാര്‍ ചെലവഴിച്ചത് 23 കോടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ സമീപകാലത്ത് വ്യാപകമായി ഉയര്‍ന്നുകേള്‍ക്കുന്ന പ്രതിസന്ധിയാണ് വായുമലിനീകരണം. ഫാക്ടറികളും, ഉയര്‍ന്ന ജനസംഖ്യയും, തിരക്കുപിടിച്ച റോഡുകളും വായു മലിനീകരണത്തിന് വഴിയൊരുക്കുന്നുണ്ട്. ഇത് കൂടാതെ പുല്‍ത്തകിടുകള്‍ കത്തിനശിക്കുന്നതും ദല്‍ഹിയുടെ വായുമലിനീകരണത്തെ സാരമായി ബാധിക്കുന്ന വിഷയങ്ങളിലൊന്നാണ്.

39 ഗ്രാമങ്ങളിലെ 1,900 എക്കര്‍ കൃഷി സ്ഥലങ്ങളെ ഉള്‍പ്പെടുത്തി 2020ലാണ് ദല്‍ഹി സര്‍ക്കാര്‍ വായു മലിനീകരണം ചെറുക്കാന്‍ ബയോ ഡീകംപോസര്‍ ഉപയോഗിക്കണമെന്ന ആവശ്യം ഉയര്‍ത്തുന്നത്.

വൈക്കോല്‍കുണ്ടുകള്‍ക്കുമേലെ ബയോ ഡീകംപോസര്‍ ലായിനി തളിക്കുകയും ഇതുവഴി വൈക്കോല്‍ മണ്ണിലേക്ക് അലിയുകയും ചെയ്യുന്നതാണ് പദ്ധതി. പദ്ധതി പ്രകാരം കൃഷിയിടങ്ങള്‍ കൂടുതല്‍ വളക്കൂറുള്ളതാകുകയും, കര്‍ഷകര്‍ക്ക് വളം വാങ്ങുന്നതിനുള്ള പണം ലാഭമാകുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്.

കഴിഞ്ഞ ഓക്ടോബറില്‍ 59 ഗ്രാമങ്ങളിലെ 4000 ഏക്കര്‍ ഭൂമിയില്‍ ബയോ ഡീകംപോസറുകള്‍ ഉപയോഗിക്കുമെന്നും ദല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

നിയമസഭയിലും വിവരാവകാശ നിയമങ്ങളിലുമുള്ള ദല്‍ഹി സര്‍ക്കാരിന്റെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍, ഈ ബയോ ഡികംപോസര്‍ തളിക്കാന്‍ ചെയ്യാന്‍ എ.എ.പി സര്‍ക്കാര്‍ 2020-21, 2021-22 കാലഘട്ടങ്ങളിലായി 68 ലക്ഷം രൂപ ചെലവഴിച്ചതായാണ് മാധ്യമസ്ഥാപനമായ ന്യൂസ് ലോണ്ടറി വ്യക്തമാക്കുന്നത്.

ബയോ ഡീകംപോസര്‍ ഉപയോഗം 955 കര്‍ഷകര്‍ക്ക് പ്രയോജനപ്പെട്ടതായാണ് സര്‍ക്കാരിന്റെ കണക്കുകള്‍. അതേ സമയം പദ്ധതിയുടെ പരസ്യത്തിനായി ഇതുവരെ ചെലവഴിച്ചത് 23കോടി രൂപയാണെന്നാണ് കണക്കുകള്‍.

2021-22ല്‍ ബയോ ഡീകംപോസര്‍ സൊലൂഷന്‍ വാങ്ങാന്‍ സര്‍ക്കാര്‍ ചെലവാക്കിയ തുകയുടെ വിവരങ്ങള്‍ പ്രതിപക്ഷ നേതാവ് രാംവീര്‍ സിംഗ് ബിധുരി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. 3,04,055 രൂപ ചെലവാക്കിയെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതികരണം.

1,04,055 രൂപ ശര്‍ക്കരയ്ക്കും, കടലപ്പൊടിയ്ക്കും, 2,00,000 രൂപ ബയോ ഡീകംപോസര്‍ ക്യാപ്‌സ്യൂളുകള്‍ വാങ്ങാനും ഉപയോഗിച്ചുവെന്നായിരുന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. ബയോ ഡീകംപോസര്‍ സൊലൂഷന്‍ നിര്‍മിക്കാനുള്ള ചേരുവകളാണിവ.

പദ്ധതി പ്രകാരം 2021-22 കാലയളവില്‍ 645 കര്‍ഷകര്‍ക്ക് പ്രയോജനമുണ്ടായെന്നും ദല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ കാലയളവില്‍ ലായനി തളിക്കുന്നതിനായി ട്രാക്ടറുകള്‍ വാടകയ്ക്കെടുക്കാന്‍ 24,62,000 രൂപയും, ലായനി തളിക്കുന്നതിനിടെ കൃഷിയിടത്തിന് സമീപം സ്ഥാപിച്ച താല്‍ക്കാലിക ടെന്റുകള്‍ക്ക് 18,00,000 രൂപയും അധികമായി ചെലവഴിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ലായിനി തളിക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ച തുക 46,00,000 രൂപയാകും.

ഇതേ കാലയളവില്‍ പരസ്യത്തിനായി സര്‍ക്കാര്‍ ചെലവഴിച്ചത് ഏകദേശം 7.5 കോടി രൂപയോളം വരും. പുതിയ പദ്ധതിയായതിനാല്‍ ജനങ്ങള്‍ക്കിടയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ബോധവത്ക്കരണം അനിവാര്യമാണെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.

2020ലാണ് സര്‍ക്കാര്‍ ആദ്യമായി പദ്ധതി പ്രഖ്യാപിച്ചത്. ഇപ്രകാരം 2020-21 കാലയളവില്‍ പദ്ധതിക്കായി എത്ര രൂപ ചെലവഴിച്ചു എന്നതായിരുന്നു സര്‍ക്കാരിനെതിരെ ബി.ജെ.പി എം.എല്‍.എയായ ഓം പ്രകാശ് ശര്‍മ ഉന്നയിച്ച ചോദ്യം.

2021 ജൂലൈയില്‍ ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തില്‍ 15,80,36,828 രൂപ പരസ്യത്തിനായും, 40,000 രൂപ പുല്‍ത്തണ്ടുകളെ കമ്പോസ്റ്റാക്കി മാറ്റുന്ന രാസവസ്തുക്കള്‍ വാങ്ങാന്‍ ഐ.എ.ആര്‍.ഐ പൂസ എന്ന കമ്പനിക്ക് കൈമാറിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

പദ്ധതിയുടെ ബോധവത്ക്കരണത്തിനായി 56 ട്രെയ്‌നിംഗ് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നുവെന്നും ഇതിനായി ഏകദേശം 4.7ലക്ഷം രൂപ ചെലവഴിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

2020-21ല്‍ ദല്‍ഹി സര്‍ക്കാര്‍ ബയോ ഡീകംപോസര്‍ തളിക്കുന്നതിനായി ചെലവഴിച്ച തുകയുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ദല്‍ഹി ബി.ജെ.പി വക്താവ് ഹരീഷ് ഖുറാന വിവരാവകാശം ഫയല്‍ ചെയ്തിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടും ന്യൂസ് ലോണ്ടറി പുറത്തുവിട്ടിട്ടുണ്ട്.

വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 2020-21 കാലയളവിലേക്കായി 22 ലക്ഷം രൂപയും, 2021-22 കാലയളവിലേക്ക് 46ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ ചെലവാക്കിയത്. പരസ്യത്തിനായി 2020-21 ല്‍ 16കോടിയും, 2021-22ല്‍ 23 കോടിയുമാണ് സര്‍ക്കാര്‍ ചെലവാക്കിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

അതായത്, പദ്ധതി നടപ്പിലാക്കാനെടുത്ത തുകയുടെ 72 ഇരട്ടി തുകയാണ് സര്‍ക്കാര്‍ പദ്ധതിയുടെ പരസ്യത്തിനായി ചെലവഴിച്ചത്. വന്‍ തുകയില്‍ കൊട്ടിഘോഷിക്കപ്പെട്ട പദ്ധതി നാളിതുവരെയായിട്ടും ഉപകാരപ്പെട്ടത് 955 കര്‍ഷകര്‍ക്കാണെന്നത് മറ്റൊരു വസ്തുതയാണെന്നും ന്യൂസ് ലോണ്ടറി ചൂണ്ടിക്കാട്ടുന്നു.

ബയോ ഡീകംപോസറുകള്‍ ഒന്നുകില്‍ വൈകിയാണ് എത്തിയതെന്നും, അല്ലെങ്കില്‍ ഉപകാരപ്രദമായില്ലെന്നുമാണ് ന്യൂസ് ലോണ്ടറിക്ക് കര്‍ഷകര്‍ നല്‍കിയ പ്രതികരണം.

വായു മലിനീകരണം തടയാന്‍ ബയോ ഡീകംപോസറുകള്‍ മാത്രമായിരുന്നില്ല സര്‍ക്കാരിന്റെ മാര്‍ഗം. 2021 ആഗസ്റ്റില്‍ ഇതിനായി സര്‍ക്കാര്‍ സ്‌മോഗ് ടവര്‍ പദ്ധതിയും മുന്നോട്ട് വെച്ചിരുന്നു.

സെക്കന്റില്‍ 1,000 ക്യൂബിക് മീറ്റര്‍ വായു ശുദ്ധീകരിക്കാനാണ് സ്‌മോഗ് ടവറുകള്‍ ഉപയോഗിക്കുന്നത്. 19 കോടി രൂപയാണ് പദ്ധതിക്കായി ചെലവാക്കിയതെന്നാണ് നിയമസഭയില്‍ പദ്ധതിയുടെ ആവിഷ്‌ക്കാരത്തിനായി ചെലവായ തുകയുടെ കണക്കിനെക്കുറിച്ചുയര്‍ന്ന ചോദ്യത്തിന് സര്‍ക്കാര്‍ നല്‍കിയ മറുപടി. പരസ്യത്തിനായി 5.58 കോടിയും ചെലവഴിച്ചിട്ടുണ്ട്.

പദ്ധതിക്ക് ചെവലഴിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന തുക പരസ്യത്തിനായി നീക്കിവെയ്ക്കുന്നതിനെതിരെ ന്യൂസ് ലോണ്ടറി ഉന്നയച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരം നല്‍കിയില്ലെന്നും എന്നാല്‍ മുന്‍പ് ഇതേ ചോദ്യത്തിന് ദല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് നല്‍കിയ മറുപടി ദല്‍ഹിയില്‍ പുറത്തിറക്കുന്ന പരസ്യങ്ങള്‍ക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കാനാകുമെന്നായിരുന്നു പ്രതികരണമെന്നും ചാനല്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.

സര്‍ക്കാരിന്റെ വന്‍ തുക മുടക്കിയുള്ള പരസ്യങ്ങള്‍ക്കെതിരെ ബി.ജെ.പി നേതാവ് ഹരീഷ് ഖുറാന വിമര്‍ശനമുയര്‍ത്തിയിരുന്നു.

2021 ഏപ്രില്‍ 1 മുതല്‍ 2022 മാര്‍ച്ച് 31 വരെ പരസ്യങ്ങള്‍ക്കായി ചെലവഴിച്ച തുകയും ന്യൂസ് ലോണ്ടറി പുറത്തുവിടുന്നുണ്ട്. ഇപ്രകാരം 488 കോടി മുടക്കിയതായാണ് സര്‍ക്കാരിന്റെ വിശദീകരണം. പ്രതിദിനം ശരാശരി 1.3 കോടിയുടെ ചെലവ്.

ഏത് പദ്ധതി പ്രകാരമാണ് പണം ചെലവഴിച്ചതെന്ന ചോദ്യത്തിന് സര്‍ക്കാര്‍ ഉത്തരം നല്‍കിയിട്ടില്ലെന്നും ചാനല്‍ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നുണ്ട്.

2017-18ല്‍ 117.76 കോടി രൂപയും, 2018-19ല്‍ 45 കോടിയും, 2019-20ല്‍ 293 കോടിയും, 2020-21ല്‍ 242.38 കോടിയുമാണ് സര്‍ക്കാര്‍ പരസ്യത്തിനായി ചെലവാക്കിയത്. 2021-22 ആയപ്പോള്‍ ഈ തുക 490 കോടിയായെന്നും ന്യൂസ് ലോണ്ടറി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ദല്‍ഹിയേക്കാള്‍ വലിയ സംസ്ഥാനമായ ഛത്തീസ്ഗഡില്‍ 315കോടി രൂപയാണ് പരസ്യത്തിനായി മൂന്ന് വര്‍ഷം കൊണ്ട് സര്‍ക്കാര്‍ ചെലവഴിച്ചത്. അതായത് പ്രതിവര്‍ഷം പരസ്യത്തിന്റെ ചെലവ് 105 കോടി രൂപയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Content Highlight: AAP government’s expenditure on Ads is more than amount spend to implement the stubble decomposing project: News laundry’s report

We use cookies to give you the best possible experience. Learn more