ചെങ്ങന്നൂര്‍: വരാനിരിക്കുന്ന ഉപതെരെഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും വി.വി.പാറ്റ് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കണമെന്നും, മുഴുവന്‍ ബൂത്തുകളിലേയും വി.വി.പാറ്റ് സ്‌ലിപ്പുകള്‍ എണ്ണി വോട്ടിംഗ് യന്ത്രത്തിലെ ഫലവുമായി ഒത്തുനോക്കണമെന്നും ആവശ്യപ്പെട്ട് രാജീവ് പള്ളത്ത് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചു. ആം ആദ്മി പാര്‍ട്ടി ചെങ്ങന്നൂര്‍ മണ്ഡലം കണ്‍വീനറും തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമാണ് രാജീവ് പള്ളത്ത്.
മാര്‍ച്ച് 22-ന് കേന്ദ്ര തെരെഞ്ഞെടുപ്പു കമ്മീഷനും, സംസ്ഥാന മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍ക്കും നല്‍കിയ നിവേദനങ്ങളിന്മേല്‍ നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിച്ചേക്കുമെന്നാണ് അറിയുന്നത്.
സുബ്രഹ്മണ്യന്‍ സ്വാമിയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫ് ഇന്ത്യയുമായുള്ള 2013-ലെ കേസിലെ വിധിയില്‍ വോട്ടര്‍മ്മാരുടെ വിശ്വാസം പുനഃസ്ഥാപിക്കാന്‍ വി.വി.പാറ്റ് എല്ലാ ബൂത്തുകളിലും സ്ഥാപിക്കണമെന്ന് ചീഫ് ജസ്റ്റിസ് സദാശിവത്തിന്റെ വിധിയുണ്ടെന്ന് എ.എ.പി അവകാശപ്പെടുന്നു. തുടര്‍ന്ന് അതു നടപ്പാക്കാത്തതു മൂലം വന്ന കോടതിയലക്ഷ്യ ഹര്‍ജ്ജിയില്‍ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന് വി.വി.പാറ്റ് ഘട്ടം ഘട്ടമായി നടപ്പാക്കാന്‍ സമയം നീട്ടി നല്‍കിയിരുന്നു.
എന്നാല്‍ മുഴുവന്‍ ബൂത്തുകളിലും വി.വി.പാറ്റ് ഉപയോഗിക്കുന്ന തെരെഞ്ഞെടുപ്പകളില്‍ പോലും സ്‌ലിപ്പുകള്‍ ഒരു ശതമാനം മുതല്‍ അഞ്ചു ശതമാനം വരെ മാത്രമേ എണ്ണാറുള്ളൂ. ചെങ്ങന്നൂരില്‍ മുഴുവന്‍ വി.വി.പാറ്റ് സ്‌ലിപ്പുകളും എണ്ണണമെന്നാണ് എ.എ.പിയുടെ ഹര്‍ജ്ജിയിലെ ആവശ്യം.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മി മത്സരിക്കുന്നത് കേവലം വിജയം മാത്രം ലക്ഷ്യമിട്ടല്ലെന്ന് സംസ്ഥാന കണ്‍വീനര്‍ സി.ആര്‍.നീലകണ്ഠന്‍ പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയായ തെരഞ്ഞെടുപ്പ് സംവിധാനം വിശ്വാസയോഗ്യമാണെന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത കൂടി പാര്‍ട്ടി ഏറ്റെടുക്കുകയാണ്. വി.വി.പാറ്റ് സ്‌ലിപ്പുകള്‍ മുഴുവന്‍ എണ്ണി നോക്കി ഒത്തുനോക്കുന്നത് മാത്രമാണ് സംശയത്തിന്റെ നിഴലിലായ വോട്ടിങ് യന്ത്രത്തിന് വിശ്വാസ്യത നേടിയെടുക്കാനുള്ള ഏക മാര്‍ഗ്ഗമെന്നും സി.ആര്‍ പറഞ്ഞു.
കര്‍ണ്ണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപനം പോലും ചോര്‍ന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ വിശ്വാസ്യതയെ ബാധിച്ച പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് സമ്പ്രദായം തന്നെ അട്ടിമറിക്കപ്പെടുന്നു എന്ന ആശങ്ക ബലപ്പെടുന്ന സാഹചര്യത്തില്‍ നിയമ പോരാട്ടം മാത്രമാണ് പാര്‍ട്ടിയുടെ മുമ്പിലുള്ള ഏക പോംവഴിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്‌നേഹപൂര്‍വ്വം മജീദിന്റെയും സുഡുമോന്റെയും ഉമ്മ സാവിത്രി ശ്രീധരന്‍ ഡൂള്‍ന്യൂസിനോടു സംസാരിക്കുന്നു – വീഡിയോ കാണാം: