ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ദല്‍ഹി ഓര്‍ഡിനന്‍സ് ഉടന്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി സുപ്രീം കോടതിയെ സമീപിച്ചു. ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്നാണ് കാട്ടിയാണ് ആം ആദ്മി പാര്‍ട്ടി ഹരജി നല്‍കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനോടുള്ള അവഹേളനമാണെന്ന് ഹരജിയില്‍ പറയുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് ആര്‍ട്ടിക്കിള്‍ 239 എഎ (ദല്‍ഹി ഭരണഘടനയെ കുറിച്ചുള്ള വ്യവസ്ഥ) ലംഘിക്കുന്നതാണെന്ന് എ.എ.പി ചൂണ്ടിക്കാട്ടുന്നു. ആര്‍ട്ടിക്കിള്‍ 239 എഎ പ്രകാരം ദല്‍ഹി സര്‍ക്കാരിന്റെ നിയമനിര്‍മാണത്തിനും ഭരണത്തിനും പുറത്തുള്ള കാര്യങ്ങളില്‍ മാത്രമേ ഗവര്‍ണര്‍ക്ക് ഇടപെടാന്‍ വിവേചനാധികാരമുള്ളൂവെന്ന് ഹരജിയില്‍ പറയുന്നു. ഇത് പ്രകാരം മന്ത്രിസഭയുടെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്നും ദല്‍ഹി സര്‍ക്കാര്‍ പറയുന്നു. സുപ്രീം കോടതി ബെഞ്ചിന്റെ വിധിയെ ഓര്‍ഡിനന്‍സ് അസാധുവാക്കുന്നുവെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഓര്‍ഡിനന്‍സിനെതിരെ ജൂലൈ 3ന് ഉത്തരവിന്റെ പതിപ്പുകള്‍ കത്തിച്ചുകൊണ്ട് എ.എ.പി ക്യാമ്പയിന്‍ നടത്തും. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് പതിപ്പുകള്‍ കത്തിച്ചുകൊണ്ട് ക്യാമ്പയിന് നേതൃത്വം നല്‍കുക.
നേരത്തെ, ദല്‍ഹി സര്‍ക്കാരും ലെഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള അധികാര തര്‍ക്കത്തില്‍ ദല്‍ഹിയിലെ ഭരണമേറ്റെടുക്കാന്‍ കേന്ദ്രത്തിന് ആകില്ലെന്ന് മെയ് 11ന് സുപ്രീംകോടതി വിധിച്ചിരുന്നു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് ഭരിക്കാനുള്ള അവകാശമെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് എം.ആര്‍. ഷാ, ജസ്റ്റിസ് കൃഷ്ണ മുരാരി, ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചായിരുന്നു വിധി പ്രസ്താവിച്ചത്.
‘ദല്‍ഹി സര്‍ക്കാരിന് ഭരണപരമായ അവകാശങ്ങള്‍ ഉണ്ടാകും. പൊലീസ് ലാന്‍ഡ്, പബ്ലിക്ക് ഓര്‍ഡര്‍ എന്നിവ ഒഴിച്ചുള്ള എല്ലാ സേവനങ്ങളിലും സര്‍ക്കാരിന് പൂര്‍ണമായ അവകാശമുണ്ടാകും. ഉദ്യോഗസ്ഥരെ നിയമിക്കുവാനും അവരുടെ സ്ഥലമാറ്റം തീരുമാനിക്കുവാനുമുള്ള അവകാശം സര്‍ക്കാരിനാണ് ഉള്ളത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ് ഇതിന് അവകാശം,’ എന്നായിരുന്നു കോടതി വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ അത് മറിക്കടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മെയ് 19ന് ദല്‍ഹിയില്‍ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം, നിയമനം എന്നിവയുമായി ബന്ധപ്പെട്ട് അതോറിറ്റി രൂപീകരിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുകയായിരുന്നു. ആറ് മാസത്തിനകം പാര്‍ലമെന്റില്‍ ഓര്‍ഡിനന്‍സ് പാസാകണം. പാസാക്കാതിരിക്കണമെങ്കില്‍ രാജ്യസഭയിലെ പ്രതിപക്ഷ വോട്ടുകള്‍ കെജ്‌രിവാളിന് ലഭിക്കേണ്ടതുണ്ട്.
Content Highlight: AAP filed a petition in the Supreme Court seeking an immediate stay on the Delhi ordinance