കര്‍ഷകരോടൊപ്പം; സിംഗു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് വൈഫൈ സംവിധാനമൊരുക്കി ആം ആദ്മി
farmers protest
കര്‍ഷകരോടൊപ്പം; സിംഗു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് വൈഫൈ സംവിധാനമൊരുക്കി ആം ആദ്മി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th December 2020, 4:42 pm

ന്യൂദല്‍ഹി: കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമരം നടക്കുന്ന സിംഗു അതിര്‍ത്തിയില്‍ വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ സ്ഥാപിക്കാനൊരുങ്ങി ആം ആദ്മി പാര്‍ട്ടി.

സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ ആവശ്യപ്പെട്ടതോടെയാണ് സിംഗു അതിര്‍ത്തിയില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

ഓരോ നൂറു മീറ്റര്‍ ചുറ്റളവില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകുന്ന രീതിയിലാകും വൈഫൈ സംവിധാനം ഘടിപ്പിക്കുക. ഇത്തരത്തില്‍ നിരവധി സ്ഥലത്ത് ഹോട്ട് സ്‌പോട്ടുകള്‍ സ്ഥാപിക്കുമെന്ന് ദല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.

‘കര്‍ഷകര്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങളുമായി സംസാരിക്കാനുള്ള സൗകര്യമുണ്ടാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഇതിനായി വൈ ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ അതിര്‍ത്തിയില്‍ സ്ഥാപിക്കും. ഇത് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ തീരുമാനമാണ്’, എ.എ.പി നേതാവ് രാഘവ് ഛദ്ദ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നേരത്തെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സിംഗു അതിര്‍ത്തിയിലെത്തിയിരുന്നു. ഡിസംബര്‍ 27 നായിരുന്നു അദ്ദേഹം സിംഗു അതിര്‍ത്തിയിലെത്തിയത്.

കര്‍ഷകദ്രോഹപരമായ നിയമങ്ങള്‍ പിന്‍ലിക്കുന്നതുവരെ കര്‍ഷകര്‍ നടത്തുന്ന പോരാട്ടത്തിനൊപ്പമായിരിക്കുമെന്നും അദ്ദേഹം കര്‍ഷകരോട് പറഞ്ഞിരുന്നു.

പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഒത്തുകൂടിയിട്ടുള്ള ദല്‍ഹിക്കും ഹരിയാനയ്ക്കും ഇടയിലുള്ള സിംഗു അതിര്‍ത്തിയിലാണ് കെജ്‌രിവാള്‍ എത്തിയത്.

നേരത്തെയും കെജ്‌രിവാള്‍ കര്‍ഷകരെ കാണാന്‍ നേരിട്ടെത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ നേരിട്ടെത്തി കണ്ട ആദ്യത്തെ മുഖ്യമന്ത്രിയാണ് കെജ്‌രിവാള്‍.

കര്‍ഷകര്‍ക്കായി ഭക്ഷണവും സാനിറ്ററി ക്രമീകരണവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. താനും തന്റെ സര്‍ക്കാറും കര്‍ഷകര്‍ക്കൊപ്പമാണെന്ന് ആദ്യ സന്ദര്‍ശനത്തില്‍ കെജ്‌രിവാള്‍ കര്‍ഷകര്‍ക്ക് ഉറപ്പുകൊടുത്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights; AAP Establishes Wifi Hotspot In Singhu Border