| Friday, 20th February 2015, 12:48 am

എ.എ.പി ജനങ്ങളെ മോഷണത്തിന് പ്രേരിപ്പിക്കുന്നുവെന്ന് ഷീല ദീക്ഷിത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി ജനങ്ങളെ മോഷ്ടിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് മുന്‍ ദല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്. റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ എ.എ.പി അധികാരത്തില്‍ വന്ന ശേഷം സൗജന്യ കുടിവെള്ളം കുറഞ്ഞ നിരക്കില്‍ വൈദ്യുതി തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ മോഷ്ടിക്കാന്‍ പ്രേരിപ്പിക്കുകയാണെന്നാണ് ഷീല ദീഷിത് പറഞ്ഞത്.

ഒരിക്കലും സാധിച്ചുകൊടുക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങളാണ് കെജ്‌രിവാള്‍ ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ബി.ജെ.പി ഊതി വീര്‍പ്പിച്ച കുമിളകള്‍ ദല്‍ഹി തെരഞ്ഞെടുപ്പില്‍ പൊട്ടിത്തെറിച്ചെന്നും ഈ വര്‍ഷം നടക്കാനിരിക്കുന്ന ബീഹാറിലേയും ആസാമിലെയും നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നറിയിപ്പാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എ.എ.പി പറയുന്ന കാര്യങ്ങള്‍ ഒരിക്കലും നടപ്പാകാത്തതാണെന്ന് തുടര്‍ച്ചയായി മൂന്ന് വര്‍ഷം ദല്‍ഹി ഭരിച്ച മുന്‍ മുഖ്യമന്ത്രി പറഞ്ഞു. എ.എപിക്ക് വോട്ട് നേടേണ്ടത് കൊണ്ടാണ് അവര്‍ ഈ സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കിയതെന്നും അവര്‍ വ്യക്തമാക്കി. അപ്പോള്‍ അദ്ദേഹത്തിന് അധികാരമുണ്ടെന്നും എല്ലാവര്‍ക്കും വൈദ്യുതി നല്‍കുന്നതിനായിരിക്കണം അദ്ദേഹം മുന്‍ഗണന നല്‍കേണ്ടതെന്നും ഷീല ദീക്ഷിത് പറഞ്ഞു.

“സര്‍ക്കാര്‍ ആര്‍ക്കെങ്കിലും വൈദ്യുതി കൊടുക്കുകയാണെങ്കില്‍ അവര്‍ അതിന് പണം നല്‍കണം. അല്ലെങ്കില്‍ അത് മോഷണമായാണ് കണക്കാക്കുക. കെജ്‌രിവാള്‍ വെള്ളം മൗലികാവകാശമാക്കുന്നുണ്ടെങ്കില്‍, നല്ലത്. പക്ഷേ നിങ്ങള്‍ മോഷണം പ്രോത്സാഹിപ്പിക്കുകയാണ്.” അവര്‍ വ്യക്തമാക്കി.

“എനിക്ക് എന്താണ് ശരി എന്ന് തോന്നിയത്, അതാണ് ഞാന്‍ ചെയ്തത്. 20,000 ലിറ്റര്‍ വെള്ളം, സൗജന്യ വൈഫൈ, കുറഞ്ഞ നിരക്കില്‍ വൈദ്യുതി തുടങ്ങിയ അദ്ദേഹത്തിന്റെ വാഗ്ദാനങ്ങള്‍ സാധ്യമാകാത്തതാണ്.” ഷീല ദീക്ഷിത് പറഞ്ഞു.

We use cookies to give you the best possible experience. Learn more