ന്യൂദൽഹി: ദൽഹിയിലെ ആം ആദ്മി പാർട്ടിയുടെ പരാജയത്തെക്കുറിച്ച് സംസാരിച്ച് ഗ്രന്ഥകാരനായ യോഗേന്ദ്ര യാദവ്. ദൽഹിയിൽ ആം ആദ്മി പാർട്ടി പരാജയം അർഹിച്ചിരുന്നു, പക്ഷേ തനിക്ക് അവരുടെ പരാജയം ആഘോഷിക്കാൻ കഴിയില്ലെന്നാണ് യോഗേന്ദ്ര യാദവിന്റെ പരാമർശം. ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിലായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്
എന്നാൽ അതേസമയം ആം ആദ്മി പാർട്ടിയിലേക്കൊരു തിരിച്ച് പോക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി പരാജയപ്പെട്ടതിന്റെ ആഘോഷത്തിൽ പങ്കുചേരാൻ എനിക്ക് കഴിയില്ല.
ഒരു പതിറ്റാണ്ട് മുമ്പ് ആം ആദ്മിയിലെ സ്റ്റാലിനിസ്റ്റ് ശുദ്ധീകരണത്തിൽ ഞങ്ങളിൽ ചിലർ അനുഭവിച്ച അപവാദങ്ങളും അപമാനങ്ങളും ഞാൻ മറന്നുപോയിട്ടില്ല. പക്ഷെ പണ്ട് എനിക്കുണ്ടായ അനുഭവത്തെ മാത്രം മുൻനിർത്തി ദൽഹിയിലെ ബി.ജെ.പിയുടെ വിജയവും ആം ആദ്മിയുടെ തോൽവിയും ആഘോഷമാക്കാൻ എനിക്ക് സാധിക്കില്ല. ഇത് എന്നെക്കുറിച്ചോ ആം ആദ്മി നേതാക്കളെക്കുറിച്ചോ അല്ല. ഇത് ‘ആം ആദ്മി’യെക്കുറിച്ചാണ്,’ അദ്ദേഹം പറഞ്ഞു.
ആം ആദ്മി പാർട്ടിക്ക് തെരഞ്ഞെടുപ്പ് പരാജയം അർഹമായിരുന്നു. പക്ഷേ ഇവിടെ ആഘോഷിക്കാൻ ഒന്നുമില്ല. തീർച്ചയായും, ഭരണഘടനാ ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളുന്ന ഏതൊരാളും വിഷമിക്കുകയും ചിന്തിക്കുകയും വേണം
യോഗേന്ദ്ര യാദവ്
കഴിഞ്ഞ തെരഞ്ഞെടുപ്പിലെയും ഈ തെരഞ്ഞെടുപ്പിലെയും ആം ആദ്മി പാർട്ടിയുടെ വോട്ടിൽ ഉണ്ടായ വ്യത്യാസം 3.5 ശതമാനം മാത്രമാണ്. മാധ്യമങ്ങൾ അഴിമതി ആരോപണങ്ങളിൽ നിന്ന് എ.എ.പി നേതൃത്വത്തെ സംരക്ഷിച്ചിരുന്നെങ്കിൽ. ബജറ്റിന് മുമ്പ് ദൽഹി തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പാക്കിയിരുന്നെങ്കിൽ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നിവിടങ്ങളിലെ പോലെ സ്ത്രീകൾക്ക് പണം കൈമാറുന്നതിൽ നിന്ന് ദൽഹി സർക്കാരിനെ എൽ.ജി തടഞ്ഞിരുന്നില്ലെങ്കിൽ, എ.എ.പിയും കോൺഗ്രസും ഒരു സഖ്യം ഉണ്ടാക്കിയിരുന്നെങ്കിൽ, ഒരു തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കിയിരുന്നെങ്കിൽ. എ.എ.പിക്ക് രണ്ട് ശതമാനത്തിലധികം വോട്ടുകൾ ലഭിക്കുകയും വാർത്താക്കുറിപ്പുകൾ മാറുകയും ചെയ്യുമായിരുന്നെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.
ആം ആദ്മി പാർട്ടിക്ക് തെരഞ്ഞെടുപ്പ് പരാജയം അർഹമായിരുന്നു. പക്ഷേ ഇവിടെ ആഘോഷിക്കാൻ ഒന്നുമില്ല. തീർച്ചയായും, ഭരണഘടനാ ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളുന്ന ഏതൊരാളും വിഷമിക്കുകയും ചിന്തിക്കുകയും വേണമെന്നും യോഗേന്ദ്ര യാദവ് കൂട്ടിച്ചേർത്തു.
അതേസമയം, ദൽഹിയിൽ ശക്തമായ ഒരു ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നു എന്നതും അദ്ദേഹം നിഷേധിച്ചില്ല. വികസനം, റോഡുകൾ, ശുചിത്വം, അഴുക്കുചാൽ, കുടിവെള്ളം എന്നിങ്ങനെ ജനങ്ങൾക്ക് വളരെ പ്രധാനപ്പെട്ട പല മേഖലകളിലും ഭരണകക്ഷിയോട് കടുത്ത നിരാശയുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ.എ.പിയുടെ സ്ഥാപക നേതാക്കളിലൊരാളായാ യോഗേന്ദ്ര യാദവിനെയും സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷണെയും 2015ൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
27 വർഷത്തിന് ശേഷം ദൽഹിയിൽ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തി. ദൽഹിയിലെ 70 സീറ്റുകളിൽ 48 എണ്ണവും ബി.ജെ.പി നേടി. എ.എ.പിക്ക് ലഭിച്ചത് 22 സീറ്റുകൾ മാത്രമാണ്.
Content Highlight: AAP deserved its drubbing in Delhi but I won’t celebrate its defeat