മണിപ്പൂരി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത സംഭവം: പോലീസിനെ പഴിച്ച് എ.എ.പി
India
മണിപ്പൂരി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത സംഭവം: പോലീസിനെ പഴിച്ച് എ.എ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th February 2014, 9:16 am

[]ന്യൂദല്‍ഹി: തലസ്ഥാനത്ത് 14 കാരിയായ മണിപ്പൂരി പെണ്‍കുട്ടിയെ ഭൂവുടമയുടെ മകന്‍ ബലാല്‍സംഗം ചെയ്ത സംഭനത്തില്‍ ദല്‍ഹി പോലീസിനെ വീണ്ടും കുറ്റപ്പെടുത്തി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി.

സംഭവം നടന്ന പ്രദേശത്തെ പോലീസ് മേധാവിയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട പാര്‍ട്ടി ഗൗരവകരമായ ഇത്തരം പ്രശ്ങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അക്രമം വളര്‍ത്തുമെന്നും പറഞ്ഞു.

പത്രകുറിപ്പിലാണ് ആം ആദ്മി പോലീസിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

നഗരത്തില്‍ സ്ത്രീകള്‍ക്ക് ഭയരഹിതരായി സഞ്ചരിക്കാനുള്ള സാഹചര്യമൊരുക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടെന്നും സ്ത്രീസുരക്ഷ സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ദല്‍ഹി സര്‍ക്കാരും പോലീസും നിസഹായരാണെന്ന് ജനങ്ങള്‍ സംശയിക്കുന്നതായും എ.എ.പി ആരോപിച്ചു.

ദല്‍ഹി പോലീസിന്റെ നിയന്ത്രണം കൈയാളുന്ന കേന്ദ്രസര്‍ക്കാര്‍ ഇത്തരം ഗുരുതരമായ വിഷയങ്ങള്‍ കാണാതെപോകുകയാണെന്നും പാര്‍ട്ടി കൂട്ടിച്ചേര്‍ത്തു.

മണിപ്പൂര്‍ സ്വദേശിനിയായ 14കാരി ദക്ഷിണ ദല്‍ഹിയിലെ മുനീര്‍കയില്‍ വച്ച് വെള്ളിയാഴ്ച രാത്രിയാണ് പീഡിപ്പിക്കപ്പെട്ടത്.

പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ജന്മിയായ ആളുടെ മകനായ 18 കാരന്‍ വിക്കിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

വീട്ടു സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങിയ പെണ്‍കുട്ടിയെ ഇയാള്‍ ബലമായി പിടിച്ചു കൊണ്ടു പോയി ഒഴിഞ്ഞ കെട്ടിടത്തില്‍ വച്ച് പീഡിപ്പിയ്ക്കുകയായിരുന്നു.

മുഖത്തും ശരീരത്തിലും പരിക്കേറ്റ  നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ പിന്നീട് ദല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടര്‍ന്ന് ദക്ഷിണ ദല്‍ഹിയില്‍ വന്‍ പ്രതിഷേധങ്ങള്‍ നടന്നു. വിദ്യാര്‍ത്ഥി സംഘടനകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിയ്ക്കുകയും റോഡ്  ഉപരോധിയ്ക്കുകയും ചെയ്തു.

വംശീയ അധിക്ഷേപത്തിനെതിരെ പ്രതികരിച്ചതിന് അരുണാചല്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയ കൊല ചെയ്ത സംഭവത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങള്‍ തുടരുന്ന  സാഹചര്യത്തിലാണ് ഈ സംഭവവും ദല്‍ഹിയെ പ്രക്ഷുബ്ധമാക്കിയിരിയ്ക്കുന്നത്.