ന്യൂ ദൽഹി: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം അഞ്ച് സംസ്ഥാനങ്ങളിൽ മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി. ദൽഹി, പഞ്ചാബ്, ഗോവ, ഹരിയാന, ഗുജറാത്ത് എന്നീ അഞ്ചു സംസ്ഥാനങ്ങളിലായിരിക്കും കോൺഗ്രസിനൊപ്പം മത്സരിക്കുക എന്ന് ആം ആദ്മി പാർട്ടി ദൽഹി കൺവീനറായ ഗോപൽ റായ് പറഞ്ഞു.
ചർച്ചകൾ മികച്ച രീതിയിലാണ് നടക്കുന്നതെന്നും സീറ്റ് വിഭജനത്തിൽ ഉടനെ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
പഞ്ചാബിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും പരസ്പരം മത്സരിക്കുമെന്ന് വാർത്തകൾ സജീവമാകുന്നതിനിടയിലാണ് ആം ആദ്മി പാർട്ടി കൺവീനറുടെ പ്രസ്താവന.
ഇരുകക്ഷികളും ഇന്ത്യ മുന്നണിയുടെ ഭാഗമാണെന്നും അതിനാൽ വരുന്ന തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കുമെന്നു പറഞ്ഞ അദ്ദേഹം സീറ്റ് വിഭജനത്തിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്നും പറഞ്ഞു.
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജനത്തിനെ കുറിച്ച് ചർച്ചകൾ നടത്തുന്നതിന് വേണ്ടി സഖ്യകക്ഷികളുമായി ചർച്ച നടത്തുകയാണ് കോൺഗ്രസ് ഇപ്പോൾ.
പശ്ചിമ ബംഗാളിൽ കോൺഗ്രസ് നേതാക്കളും തൃണമുൽ കോൺഗ്രസ് നേതാക്കളും പരസ്പരം ഏറ്റുമുട്ടുന്നുണ്ടെങ്കിലും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും ഇടതുപക്ഷ പാർട്ടികൾക്കും ഒപ്പം സഖ്യമായി മത്സരിക്കാൻ തയ്യാറാണെന്ന് കോൺഗ്രസ് പ്രസിഡൻറ് മമതാ ബാനർജി അറിയിച്ചിരുന്നു.
കോൺഗ്രസിന്റെ നയങ്ങളെ ഏറ്റവുമധികം വിമർശിച്ച ആം ആദ്മി പാർട്ടി കൂടി കോൺഗ്രസുമായി സമവായത്തിൽ എത്തുന്നതോടെ ഇന്ത്യ മുന്നണിക്ക് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സാധ്യത സൃഷ്ടിക്കപ്പെടുകയാണ്.
അതിനിടയിൽ ഇന്ത്യ മുന്നണിയുടെ കൺവീനർക്കും പ്രധാനമന്ത്രി സ്ഥാനാർത്ഥിക്കും വേണ്ടിയുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്.
Content Highlights: AAP contest in Lok Sabha election with Congress in five states