ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം 24 മണിക്കൂര്‍ തത്സമയം സംപ്രേഷണം ചെയ്യുന്ന “നമോ” ടി.വിയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ആം ആദ്മി പാര്‍ട്ടിയുടെ പരാതി.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഒരു പാര്‍ട്ടിയ്ക്ക് സ്വന്തം ചാനല്‍ തുടങ്ങാന്‍ അനുമതി നല്‍കുന്നത് ചട്ടലംഘനമാവുമെന്നും ആരാണ് ചാനലിന്റെ ഉള്ളടക്കം പരിശോധിക്കുകയെന്നും എ.എപി പരാതിയില്‍ പറയുന്നു. ചാനല്‍ തുടങ്ങാനായി ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയെ സമീപിച്ചിട്ടുണ്ടോയെന്നും ഇല്ലെങ്കില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും എ.എ.പി ചോദിക്കുന്നു.
രാഷ്ട്രീയ പരസ്യങ്ങളും പെയ്ഡ് ന്യൂസുകളും പരിശോധിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംവിധാനമാണ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി. കഴിഞ്ഞയാഴ്ചയാണ് ചാനല്‍ പ്രക്ഷേപണം തുടങ്ങിയത്. മോദിയുടെ ചിത്രമാണ് ചാനലിന്റെ ലോഗോ.
ആം ആദ്മി പാര്‍ട്ടിയുടെ കത്ത് പരിശോധിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താവ് പറഞ്ഞു.
2012ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി “നമോ ഗുജറാത്ത്” എന്ന പേരില്‍ 24 മണിക്കൂര്‍ ചാനല്‍ തുടങ്ങിയിരുന്നു.