അഹമ്മദാബാദ്: ഗുജറാത്തിലെ പാര്‍ട്ടി ഓഫീസില്‍ വീണ്ടും റെയ്ഡ് നടന്നെന്ന് ആം ആദ്മി. ബി.ജെ.പിക്ക് വേണ്ടി സംസ്ഥാന പൊലീസാണ് പാര്‍ട്ടി ഓഫീസില്‍ റെയ്ഡ് നടത്തിയത്. അടുത്ത ദിവസങ്ങളിലായി നടക്കുന്ന രണ്ടാമത്തെ റെയ്ഡാണിത്. എന്നാല്‍ എ.എ.പിയുടെ ആരോപണം ഗുജറാത്ത് പൊലീസ് തള്ളിയതായി ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു.
പാര്‍ട്ടിക്ക് ഗുജറാത്തിലെ ജനങ്ങള്‍ക്കിടയില്‍ ലഭിക്കുന്ന ജനപ്രീതിയോടുള്ള ഭയമാണ് ബി.ജെ.പിക്കെന്നും ഇതാണ് റെയ്ഡിനും മറ്റ് നടപടികള്‍ക്കുമുള്ള കാരണമെന്നും ആം ആദ്മി പറഞ്ഞു. എന്ത് തടസ്സങ്ങള്‍ നേരിട്ടാലും സംസ്ഥാനത്തെ നമ്പര്‍ വണ്‍ പാര്‍ട്ടിയായി തന്നെ ആം ആദ്മി തുടരുമെന്നും പാര്‍ട്ടി പറഞ്ഞു.
‘ബി.ജെ.പി ഭയം കൊണ്ട് ചെയ്യുന്നതാണ് എല്ലാം. അനധികൃതമായി പാര്‍ട്ടി ഓഫീസ് റെയ്ഡ് ചെയ്ത ബി.ജെ.പി ഇന്നും പാര്‍ട്ടിയുടെ ഓഫീസില്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെയൊക്കെ പിന്നിലെ ആകെയുള്ള കാരണം ഭയമാണ്. അവര്‍ക്ക് എ.എ.പി വളരുന്നതിലുള്ള ഭയമാണ്,’ ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭ എം.പിയുമായ സഞ്ജയ് സിങ് പറഞ്ഞു.
ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തില്‍ എ.എ.പിക്ക് കാലുറപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഇതാണ് ബി.ജെ.പിയെ ആകുലപ്പെടുത്തുന്നതെന്നുമാണ് എ.എ.പിയുടെ വാദം.
‘അവര്‍ (ബി.ജെ.പി) ഞങ്ങളുടെ ആരോഗ്യ മന്ത്രിയെ ജയിലിലടച്ചു. വിദ്യാഭ്യാസ മന്ത്രിക്കെതിരെ റെയ്ഡ് നടത്തി. ഞങ്ങളുടെ മുഖ്യമന്ത്രിക്കെതിരേയും ഗതാഗത മന്ത്രിക്കെതിരേയുമൊക്കെ അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ടു. പക്ഷേ ഇപ്പോള്‍ അവരുടെ എല്ലാ ക്ഷമയും നശിച്ചുതുടങ്ങിയിട്ടുണ്ട്.
കോടതിയില്‍ നിന്നുള്ള ഉത്തരവോ അന്വേഷണത്തിനുള്ള വാറന്റോ ഇല്ലാതെയാണ് പാര്‍ട്ടി ഓഫീസില്‍ അന്വേഷണം നടത്തിയത്. മണിക്കൂറുകളോളമാണ് പാര്‍ട്ടി ഓഫീസില്‍ ബി.ജെ.പിയുടെ വാക്ക് കേട്ട് റെയ്ഡ് നടത്തിയത്. എന്നിട്ടും വെറുംകയ്യോടെ തന്നെയാണ് ഇത്തവണയും ഇവര്‍ ഓഫീസില്‍ നിന്ന് ഇറങ്ങിയത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിയുടെ ഇത്തരം പ്രവര്‍ത്തികെള്‍ തെറ്റാണെന്നും തെരഞ്ഞെടുപ്പില്‍ മാന്യമായി പാര്‍ട്ടിയെ നേരിടണമെന്നും ആം ആദ്മി പാര്‍ട്ടി പറഞ്ഞു.
Content Highlight: AAP claims that BJP has again raised the aam aadmi party office in Ahmedabad