ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി താന്‍ അരവിന്ദ് കെജ്രിവാളിന് ആറു കോടി രൂപ നല്‍കിയെന്ന മകന്റെ ആരോപണം തള്ളി ആം ആദ്മി സ്ഥാനാര്‍ഥി ബല്‍ബിര്‍ സിങ് ജാഖര്‍. പടിഞ്ഞാറല്‍ ദല്‍ഹിയില്‍ എ.എ.പി സ്ഥാനാര്‍ത്ഥിയായി ബല്‍ബീര്‍ സിങ് ജാഖറിന്റെ മകന്‍ ഉദയ് ഇന്ന് കാലത്തായിരുന്നു എ.എ.പിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
മകന്‍ ഉന്നയിച്ച ആരോപണങ്ങളെ താന്‍ തള്ളിക്കളയുന്നതായും, മകനുമായി താന്‍ വളരെ അപൂര്‍വമായി മാത്രമേ സമ്പര്‍ക്കം പുലര്‍ത്താറുള്ളുവെന്നും ബല്‍ബിര്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ആരോപണങ്ങളെ ഞാന്‍ അപലപിക്കുന്നു. എന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഞാന്‍ മകനുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ഞാന്‍ ഭാര്യയുമായി പിരിഞ്ഞ ശേഷം അമ്മയുടെ മാതാപിതാക്കളുടെ കൂടെയാണ് മകന്‍ ഉദയ് ഇപ്പോള്‍ കഴിയുന്നത്. ഞാന്‍ വളരെ അപൂര്‍വമായി മാത്രമേ അവനോട് സംസാരിക്കാറുള്ളു’- ബാല്‍ബിര്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ഏതാണ്ട് മൂന്ന് മാസം മുമ്പാണ് എന്റെ അച്ഛന്‍ രാഷ്ട്രീയത്തിലേക്ക് ചേര്‍ന്നത്. സ്ഥാനാര്‍ത്ഥിത്വത്തിനായി അദ്ദേഹം ആറുകോടി രൂപ നല്‍കി. സ്ഥാനാര്‍ത്ഥിത്വത്തിനായി പണം നല്‍കിയതെന്നതിന് എന്റെ പക്കല്‍ വിശ്വാസയോഗ്യമായ തെളിവുണ്ട്.’ എന്നായിരുന്നു ഉദയ് പറഞ്ഞത്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ നാളെ ദല്‍ഹി പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെയായിരുന്നു ബല്‍ബീര്‍ സിങിനെതിരെ ആരോപണം ഉയര്‍ന്നിരുന്നത്. മെയ് 12നാണ് ദല്‍ഹിയിലെ ഏഴ് ലോക്സഭാ സീറ്റുകളിലും വോട്ടെടുപ്പ് നടക്കുന്നത്.