| Wednesday, 13th January 2021, 9:15 pm

കര്‍ഷകനു നേരേയുള്ള മരണ വാറന്റാണ്; കര്‍ഷകര്‍ക്ക് പിന്നാലെ കാര്‍ഷിക നിയമങ്ങള്‍ പരസ്യമായി കത്തിച്ച് ആം ആദ്മി പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്സര്‍; കര്‍ഷകര്‍ക്ക് പിന്നാലെ കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പരസ്യമായി കത്തിച്ച് പഞ്ചാബിലെ ആം ആദ്മി പ്രവര്‍ത്തകര്‍. പഞ്ചാബിലെ ലോഹ്‌രി ആഘോഷത്തിനിടെയായിരുന്നു എ.എ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം.

കേന്ദ്രത്തിന്റെ ഈ കരിനിയമങ്ങള്‍ക്കെതിരെ അഹോരാത്രം തങ്ങള്‍ പ്രതിഷേധം നടത്തുകയാണെന്നും ഈ സമരത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ നഷ്ടമായെന്നും എ.എ.പി സംസ്ഥാന പ്രസിഡന്റും എം.പിയുമായ ഭഗവന്ത് മാന്‍ പറഞ്ഞു.

‘കര്‍ഷകര്‍ രാപ്പകലില്ലാതെ നടത്തുന്ന ഈ പ്രതിഷേധം കണക്കിലെടുത്ത് ഇത്തവണത്തെ ലോഹ്‌രി ആഘോഷം അവരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുത്തു’, ഭഗവന്ത് പറഞ്ഞു.

കാര്‍ഷിക നിയമത്തിന്റെ എട്ട് ലക്ഷത്തോളം കോപ്പികളാണ് പഞ്ചാബില്‍ മാത്രമായി കത്തിച്ചത്. പഞ്ചാബിലെ 16000 ഓളം പ്രദേശങ്ങളിലായി നിയമങ്ങള്‍ കത്തിക്കാന്‍ ജനങ്ങള്‍ തെരുവിലേക്കിറങ്ങിയെന്നും ഭഗവന്ത് പറഞ്ഞു.

‘ഇവ കരിനിയമങ്ങളല്ല ഓരോ കര്‍ഷകനു നേരേയുമുള്ള മരണ വാറന്റാണ്. അതുകൊണ്ടുതന്നെയാണ് അവരോടൊപ്പം അണിചേരാന്‍ എ.എ.പിയും തയ്യാറായത്. കര്‍ഷകരോടൊപ്പം ഞങ്ങളും കാര്‍ഷിക നിയമം പരസ്യമായി കത്തിക്കുകയാണ്’,ഭഗവന്ത് പറഞ്ഞു.

നേരത്തെ ലോഹ്‌രി ആഘോഷങ്ങള്‍ക്കിടെ കര്‍ഷക ബില്ലുകളുടെ കോപ്പികള്‍ പരസ്യമായി കത്തിച്ച് പഞ്ചാബിലെ കര്‍ഷകര്‍ രംഗത്തെത്തിയിരുന്നു. ദല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരം അമ്പത് ദിവസം പിന്നിടുന്ന പശ്ചാത്തലത്തിലായിരുന്നു ഈ സംഭവം.

വസന്തത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി പഞ്ചാബില്‍ നടത്തുന്ന പ്രധാന ആഘോഷമാണ് ലോഹ്‌രി. ഇതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങളുടെ കോപ്പികള്‍ കര്‍ഷകര്‍ കത്തിച്ചത്.

ചൊവ്വാഴ്ചയാണ് സുപ്രീംകോടതി മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കും സ്റ്റേ ഏര്‍പ്പെടുത്തിയത്. കര്‍ഷകരുടെ നിലപാടറിയാന്‍ നാലംഗ സമിതിയേയും രൂപീകരിച്ചിട്ടുണ്ട്. അശോക് ഗുലാത്തി, ഭൂപീന്ദര്‍ സിംഗ് മാന്‍, ഡോ. പ്രമോദ് കുമാര്‍ ജോഷി, അനില്‍ ധന്‍വാത് എന്നിവരാണ് സമിതിയില്‍.

കര്‍ഷകസമരവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ കാര്‍ഷിക നിയമത്തെ പിന്തുണയ്ക്കുന്നവരുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞിരുന്നു. അശോക് ഗുലാത്തി ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തെ അനുകൂലിക്കുന്നവരാണെന്നാണ് കര്‍ഷക സംഘടനകള്‍ പറഞ്ഞത്.

നിലവില്‍ മൂന്ന് നിയമങ്ങളും സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഒരു വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ആ സമിതി കര്‍ഷകരുടെ നിലപാടുകള്‍ കേള്‍ക്കുമെന്നും അതിന് ശേഷം എന്തുവേണമെന്ന് തീരുമാനിക്കുമെന്നും അതുവരെ നിയമം നടപ്പാക്കരുതെന്നുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

കര്‍ഷക ഭൂമി സംരക്ഷിക്കാമെന്ന് സുപ്രീംകോടതി കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കോടതിയുടെ അധികാരം ഉപയോഗിച്ച് പ്രശ്നം തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി പറഞ്ഞു. യഥാര്‍ത്ഥ ചിത്രം കോടതിക്ക് മനസ്സിലാകണമെന്നും സംഘടനകളുടെ അഭിപ്രായം കേള്‍ക്കണമെന്നും കോടതി നിലപാട് വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; AAP Workers Burn Farm Laws In Punjab

We use cookies to give you the best possible experience. Learn more